Sorry, you need to enable JavaScript to visit this website.

സംവിധായകൻ സിദ്ദീഖ് അന്തരിച്ചു, വിടവാങ്ങുന്നത് ചിരിയുടെ അണിയറ ശില്‍പി

കൊച്ചി- മലയാള സിനിമയിലെ തലയെടുപ്പുള്ള സംവിധായകനും ചിരി സിനിമകളുടെ അണിയറ ശില്‍പിയുമായ സിദ്ദീഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ രോഗവും ന്യൂമോണിയയും ബാധിച്ച സിദ്ദീഖ് നേരത്തെ തന്നെ ചികിത്സയിലായിരുന്നു. ഇത് ഭേദമായി വരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായാണ് ആരോഗ്യനില കൂടുതല്‍ വഷളായത്. 

നാളെ രാവിലെ 9 മുതല്‍ 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് എറണാകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

മിമിക്രി വേദിയിൽ നിന്നുമെത്തി മലയാള സിനിമയുടെ തലവര മാറ്റിവരച്ച പേരുകാരിൽ ആദ്യസ്ഥാനത്തുണ്ടാകും സംവിധായകൻ സിദ്ദീഖ്. ഇപ്പോഴത്തെ നടൻ കൂടിയായ പഴയ മിമിക്ര സഹപ്രവർത്തകൻ ലാലുമായി ചേർന്ന് സിദ്ദീഖ്- ലാൽ എന്ന പേരിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഇരുവരും ചേർന്ന് അഞ്ചു സിനിമകളാണ് രചനയും സംവിധാനവും നിർവഹിച്ചത്. പിന്നീട് വഴി പിരിഞ്ഞതോടെ ലാൽ അഭിനയ രംഗത്തേക്ക് മാറിയെങ്കിലും സിദ്ദീഖ് സംവിധായകനായി തുടർന്നു. മലയാളത്തോടൊപ്പം തമിഴിലും ഹിന്ദിയിലുമായി 13 സിനിമകളും സിദ്ദീഖിന്റേതായി പുറത്തുവന്നു. 

മലയാളത്തിൽ കോമഡി സിനിമകളുടെ നീളൻ പരമ്പരയ്ക്ക് തുടക്കമിട്ടത് 1989ൽ പുറത്തിറങ്ങിയ സിദ്ദീഖ്- ലാലുമാരുടെ റാംജിറാവ് സ്പീക്കിങിലൂടെയായിരുന്നു. മലയാളം അതുവരെ കണ്ട രീതിയിൽ നിന്നും വ്യത്യസ്തമായി റാംജീറാവ് വെള്ളിത്തിരയിലെത്തിയപ്പോൾ മുകേഷ്, സായികുമാർ, ഇന്നസെന്റ്, വിജയരാഘവൻ, മാമുക്കോയ തുടങ്ങിയവരുടെ അഭിനയ ജീവിതത്തിലും വലിയ മാറ്റമാണ് കൊണ്ടുവന്നത്. 

1990ൽ ഇൻ ഹരിഹർ നഗർ മുകേഷിനു പുറമേ സിദ്ദീഖിനും ജഗദീഷിനും ബ്രേക്ക് നൽകിയ സിനിമയാണ്. ഈ സിനിമയുടെ രണ്ടാം ഭാഗമായി ഹരിഹർ നഗർ 2, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ സിനിമകൾ 19 വർഷത്തിന് ശേഷം റിലീസ് ചെയ്തെങ്കിലും ലാലായിരുന്നു സംവിധായകൻ. നാടക രംഗത്തെ അതികായനായ എൻ.എൻ പിള്ളയെ സിനിമയിലെത്തിച്ച ഗോഡ്ഫാദർ 1991ലാണ് റിലീസ് ചെയ്തത്. തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ തുടർച്ചയായി 405 ദിവസം പ്രദർശിപ്പിച്ച് റെക്കോർഡിട്ടു ഗോഡ്ഫാദർ. മോഹൻലാലിനെ നായകനാക്കി സിദ്ദീഖ്- ലാൽ ഒരുക്കിയ വിയറ്റ്നാം കോളനി 1992ൽ റിലീസ് ചെയ്തു. ആ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 

സിദ്ദീഖും ലാലും ചേർന്ന് 1994ൽ പുറത്തിറക്കിയ കാബൂളിവാലയാണ് ഇരുവരും ചേർന്ന് ഒടുവിൽ ചെയ്ത ചിത്രം. ഇന്നസെന്റിനേയും ജഗതിയേയും കന്നാസും കടലാസുമാക്കിയും വിനീതിനെയും ചാർമിളയേയും നായികാ നായകന്മാരാക്കിയും സർക്കസ് പശ്ചാതലത്തിൽ ചെയ്ത ഈ ചിത്രവും മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 
ലാലുമായി പിരിഞ്ഞതിന് ശേഷം ആദ്യമായി സിദ്ദീഖ് ഒറ്റയ്ക്ക് രചനയും സംവിധാനവും നിർവഹിച്ച ഹിറ്റ്ലറിൽ മമ്മൂട്ടിയായിരുന്നു നായകൻ. 1996ൽ പുറത്തിറങ്ങിയ ഈ സിനിമ അഞ്ച് സഹോദരിമാരെ ചേർത്തു നിർത്തുന്ന മൂത്ത സഹോദരനെ അവതരിപ്പിച്ച് മമ്മൂട്ടി കൈയ്യടി നേടിയതിനോടൊപ്പം കുടുംബ സദസ്സുകൾ ഏറ്റെടുക്കുകയും ചെയ്തു. 
മലയാളത്തിലും തമിഴിലും ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, മലയാളത്തിലും ഹിന്ദിയിലും ബോഡിഗാർഡ്, ലേഡീസ് ആന്റ് ജെന്റിൽമാൻ, ഭാസ്‌ക്കർ ദ റാസ്‌ക്കൽ, ഫുക്രി, ബിഗ് ബ്രദർ, തമിഴിൽ എങ്കൾ അണ്ണ, സാധു മിറാൻഡ, കാവലൻ എന്നിവയാണ് സിദ്ദീഖ് സംവിധാനം ചെയ്ത ചിത്രങ്ങൾ. 

സിദ്ദീഖ് ചിത്രങ്ങളെല്ലാം മലയാളത്തിന് നല്ല ഗാനങ്ങൾ സമ്മാനിച്ചുവെന്ന പ്രത്യേകതയുണ്ട്. ലാലും സിദ്ദീഖും കൂട്ടുകെട്ട് അവസാനിപ്പിച്ചെങ്കിലും സിദ്ദീഖ് സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്സ് എന്നിവ നിർമിച്ചത് ലാലിന്റെ പ്രൊഡക്ഷൻ ഹൗസായ ലാൽ ക്രിയേഷൻസാണ്. സംവിധായകൻ ഫാസിലിന്റെ സംവിധാന സഹായിയായാണ് സിദ്ദീഖ് ചലച്ചിത്ര രംഗത്തെത്തിയത്. കൊച്ചിൻ കലാഭവനിലെ മിമിക്രി താരമായിരുന്നപ്പോഴാണ് ഫാസിൽ സിദ്ദീഖിനേയും ലാലിനേയും കണ്ടെത്തിയത്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്റെ, പൂവിനു പുതിയ പൂന്തെന്നൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങിയ ഫാസിൽ സിനിമകളുടെയെല്ലാം സഹസംവിധായകരിലൊരാളായിരുന്നു സിദ്ദീഖ്. 
1986ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയുടെ രചന നിർവഹിച്ച സിദ്ദീഖ് 1987ൽ പുറത്തിറങ്ങിയ മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രം നാടോടിക്കാറ്റിന്റെ കഥാകൃത്താണ്. 1988ൽ കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. 
മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിംഗ്, അയാൾ കഥയെഴുതുകയാണ്, ഹൽചൽ, ഫിംഗർ പ്രിന്റ്, കിംഗ് ലിയർ എന്നീ സിനിമകളുടെ രചനയും മണിച്ചിത്ര താഴിന്റെ രണ്ടാം യൂണിറ്റ് സംവിധാനവും നിർവഹിച്ചിട്ടുണ്ട്. 

ഫുക്രി, ബിഗ് ബ്രദർ എന്നീ സിനിമകളുടെ നിർമാതാവ് കൂടിയായ സിദ്ദീഖ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, പൂവിനു പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, ഗുൽമാൽ: ദി എസ്‌കേപ്പ്, സിനിമാ കമ്പനി, മാസ്റ്റർപീസ്, ഇന്നലെ വരെ, കെങ്കേമം എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 
വിവിധ ടെലിവിഷൻ ചാനലുകളിലെ മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ, കോമഡി ഫെസ്റ്റിവൽ, സിനിമ ചിരിമ, കോമഡി ഫെസ്റ്റിവൽ സീസൺ 2, ആരാണീ മലയാളി, കോമഡി സ്റ്റാർസ് സീസൺ 2, ടോപ് സിംഗർ സൂപ്പർ നൈറ്റ് തുടങ്ങിയ പരിപാടികളിൽ ജഡ്ജായും അവതാരകനായും ഹോസ്റ്റായും സിദ്ദീഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1991ൽ മികച്ച ജനപ്രിയ സിനിമ സംവിധായകനും 2012ൽ സീ സിനി അവാർഡും സിദ്ദീഖ് നേടി.


1962 ഒക്ടോബർ 1ന് ഇസ്മാഈൽ ഹാജിയുടേയും സൈനബയുടേയും മകനായി കൊച്ചിയിലാണ് സിദ്ദീഖ് എന്ന സിദ്ദീഖ് ഇസ്മാഈലിന്റെ ജനനം. കളമശ്ശേരി സെന്റ് പോൾസ് കോളജിൽ വിദ്യാഭ്യാസം നേടി. സാജിതയാണ് സിദ്ദീഖിന്റെ ഭാര്യ. സുമയ്യ, സാറ, സുകൂൻ എന്നിവരാണ് മക്കൾ.

Latest News