ജിദ്ദ- മണിപ്പൂരിലും ഹരിയാനയിലും മഹാരാഷ്ട്രയിലും ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കുമെതിരെ നടക്കുന്ന അക്രമങ്ങൾ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംഘ്പരിവാർ രാജ്യത്തുടനീളം വംശീയ അതിക്രമങ്ങൾ അഴിച്ചുവിടുകയാണ്. മതധ്രുവീകരണം ശക്തിപ്പെടുത്തി രാജ്യത്തെ അരക്ഷിതാവസ്ഥയിലാക്കുകയാണ് സംഘ് പരിവാർ ലക്ഷ്യമിടുന്നത്.
ആർ.എസ്.എസും നരേന്ദ്ര മോഡിയും യോഗി ആദിത്യനാഥും തുറന്നുവിട്ട ഹിന്ദുത്വ വിഷബീജങ്ങൾ ആയുധമേന്തി രാജ്യത്തെ മുസ്‌ലിംകളെ കൊന്നൊടുക്കാൻ ശ്രമിക്കുകയാണ്. ഹരിയാനയിൽ പള്ളി ഇമാമിനെയടക്കം വധിച്ച വംശീയാക്രമണം അതാണ് വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ ട്രെയിനിൽ ആർ.പി.എഫ് ഉദേ്യാഗസ്ഥൻ മുസ്‌ലിംകളെ തേടിപ്പിടിച്ച് വെടിവെച്ച് കൊല്ലുകയാണുണ്ടായത്.
അത്യന്തം ഭീകരവും ക്രൂരവുമായ സംഭവമാണിത്. പിന്നാക്ക വിഭാഗത്തിൽപെട്ട മേലുേദ്യാഗസ്ഥനെയും അയാൾ വകവരുത്തി. ആയുധമേന്തിയ ഹിന്ദുത്വ ഭീകരർ നടത്തുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. തികഞ്ഞ ആസൂത്രണത്തോടെ നടക്കുന്ന വംശഹത്യാ പ്രൊജക്ടിന്റെ ഭാഗമാണിതെല്ലാം. ഇതിൽ പോലീസുദ്യോഗസ്ഥനു മാത്രം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും കൊല്ലപ്പെട്ട മൂന്ന് മുസ്‌ലിംകളുടെ കാര്യത്തിൽ മൗനം പാലിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്.
പോലീസ് തന്നെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊല്ലുന്നതും ആദിവാസി ക്രൈസ്തവ സ്ത്രീകളെ വംശീയവാദികൾക്ക് ബലാത്സംഗത്തിനായി എറിഞ്ഞു കൊടുക്കുന്നതും കേന്ദ്ര-സംസ്ഥാന ഭരണകൂട പദ്ധതികൾ തന്നെയാണ്. വംശീയവാദികളായ ഭീകരരെ അധികാരത്തിൽ നിന്ന് പുറത്താക്കാതെ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കാൻ ആവില്ല.ആർ.എസ്.എസും മോഡിയും യോഗിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങളും യോജിച്ച പ്രതിഷേധങ്ങളുമുയരണമെന്ന് കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.