തിരുവനന്തപുരം- കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെട്ടു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുന്പില് ചില പരാതികള്‍ എത്തിയിരുന്നു. ഇതില്‍ ചില ഇടക്കാല കോടതി വിധികള്‍ ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ലിസ്റ്റ് അംഗീകരിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടു യു.ജി.സി ചട്ടങ്ങള്‍ ലംഘിക്കുന്നതിനോ സ്പെഷല്‍ റൂള്‍സിലെ നിബന്ധനകള്‍ ലംഘിക്കുന്നതിനോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നു മന്ത്രി ആര്. ബിന്ദു. മന്ത്രിക്കോ സര്‍ക്കാരിനോ നിയമനവുമായി ബന്ധപ്പെട്ടു പ്രത്യേക താല്പര്യമില്ലെന്നും പരാതിക്കിടയാക്കാത്ത രീതിയില്‍ പ്രിന്‍സിപ്പല്‍ നിയമനം നടത്താനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അന്തിമ പട്ടിക ഇതുവരെ തയാറായിട്ടില്ല. കോടതി വിധികളെ പരിഗണിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് ആര്. ബിന്ദു കൂട്ടിച്ചേര്‍ത്തു. 2019 ലാണ് യുജിസിയുടെ കെയര്‍ലിസ്റ്റ് വന്നത്. അതിനുമുന്‍പ് പ്രസിദ്ധീകരിച്ച ജേണലുകള്‍ കണക്കിലെടുക്കേണ്ടതില്ല എന്ന കാഴ്ചപ്പാടോടുകൂടിയാണ് പലരെയും ഒഴിവാക്കി 43 പേരിലേക്കു പട്ടിക ചുരുക്കിയത്. കെയര്‍ലിസ്റ്റ് വരുന്നതിനു മുന്‍പ് ഏത് ജേണലുകളിലും അങ്ങനെ പ്രസിദ്ധീകരിക്കാം. 67 പേരെ ആദ്യം തിരഞ്ഞെടുക്കുകയും പിന്നീടത് 43 ആകുമ്പോള്‍ ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയരുന്നത് സ്വാഭാവികമാണെന്ന് മന്ത്രി പറഞ്ഞു.