ന്യൂദൽഹി- രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള നിർണായക തെരഞ്ഞെടുപ്പ് നാളെ തുടങ്ങുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലെ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലിന്റെ നാന്ദിയാകും. ബിജെപി സ്ഥാനാർഥിയെ എതിർക്കാൻ വൈഎസ്ആർ കോൺഗ്രസ് തീരുമാനിച്ചതിനു പിന്നാലെ പ്രതിപക്ഷ ഐക്യത്തിനായി ഉപാധ്യക്ഷ പദവി വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറാകുന്നത് ബിജെപിയുടെ തന്ത്രങ്ങൾക്ക് തടസമാകും.
മുത്തലാക്ക്, ദേശീയ മെഡിക്കൽ കമ്മീഷൻ, ഒബിസി, ട്രാൻസ്‌ജെൻഡർ എന്നിവ അടക്കമുള്ള സുപ്രധാന നിയമനിർമാണങ്ങൾ ലക്ഷ്യമിടുന്ന 18 ദിവസത്തെ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് തീർച്ചയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായുള്ള രാഷ്ട്രീയ പോരാട്ടത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കത്തയച്ചത് സർക്കാരിനെ പ്രതിരോധത്തിലാക്കും. പകരം മുത്തലാഖ് ബിൽ ഉയർത്തിയാകും ബിജെപി പ്രതിരോധം തീർക്കുക.
വർധിച്ചുവരുന്ന ആൾക്കൂട്ട കൊലകൾ, വർഗീയ സംഘർഷങ്ങൾ, സ്ത്രീപീഡനങ്ങൾ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളിൽ പ്രതിപക്ഷം യോജിച്ച പോരാട്ടത്തിനാണ് തീരുമാനിച്ചിട്ടുള്ളത്. നിലവിൽ പോലുമില്ലാത്ത റിലയൻസിന്റെ ജിയോ ഇൻസ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠ പദവി നൽകിയതടക്കമുള്ള വിവാദങ്ങളും കത്തിക്കയറും.
ബിജെപിയുമായി പിരിഞ്ഞ തെലുങ്കുദേശം പാർട്ടി കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ നോട്ടീസ് നൽകിയ മോഡി സർക്കാരിനെതിരേയുള്ള അവിശ്വാസപ്രമേയം വീണ്ടും അവതരിപ്പിക്കാനും പ്രതിപക്ഷമായി ചർച്ച നടത്തുന്നുണ്ട്.
ഇതേസമയം, കഴിഞ്ഞ ബജറ്റ് സമ്മേളനം ഏതാണ്ട് പൂർണമായി തടസപ്പെട്ടതിനാൽ ഇത്തവണ ആദ്യ കുറെ ദിവസങ്ങൾക്കുശേഷം സഭാനടപടികൾ പാടെ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തുനിഞ്ഞേക്കില്ല. ഓഗസ്റ്റ് പത്തുവരെയാണ് സമ്മേളനം. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ്-എമ്മിലെ ജോസ് കെ. മാണി, സിപിഎമ്മിലെ എളമരം കരീം, സിപിഐയിലെ ബിനോയി വിശ്വം എന്നിവർ ഈ സമ്മേളനത്തിന്റെ തുടക്കത്തിലാകും സത്യപ്രതിജ്ഞ ചെയ്യുക.
ലോക്‌സഭയിൽ എൻഡിഎയ്ക്കു നല്ല ഭൂരിപക്ഷം ഉണ്ടെങ്കിലും ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം നഷ്ടമായതും പ്രധാനമന്ത്രി മോഡിക്കും ബിജെപിക്കും രാഷ്ട്രീയമായ തിരിച്ചടിയാണ്. 2014ൽ 282 എംപിമാരുമായി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിക്ക് എംപിമാരുടെ എണ്ണം ലോക്‌സഭയിൽ 271 ആയി കുറഞ്ഞു. യുപിയിലെ ഗോരഖ്പൂരും ഫൂൽപൂരും കൈരാനയും അടക്കം തുടർച്ചയായി ആറ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെട്ടു.
രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഉപാധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒന്നാം തീയതി പ്രഫ. പിജെ. കുര്യൻ പദവി ഒഴിഞ്ഞിരുന്നു. ഡെപ്യൂട്ടി ചെയർമാൻ പദവി ഒഴിഞ്ഞാൽ എത്രയും വേഗം തെരഞ്ഞെടുപ്പു വേണമെന്ന് ഭരണഘടനയുടെ 89-ാം വകുപ്പ് നിഷ്‌കർഷിച്ചിട്ടുണ്ട്.
സ്ഥാനാർഥിയെ സംബന്ധിച്ച് പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി കോൺഗ്രസ് ഇന്നു ചർച്ച നടത്തും. ഇതിനു ശേഷമാകും തീരുമാനം. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നു നടക്കുന്ന സർവകക്ഷി യോഗങ്ങളിലെ തന്ത്രം തീരുമാനിക്കാൻ ഇന്നലെ ചേർന്ന പ്രതിപക്ഷ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തില്ല.
തൃണമൂൽ കോൺഗ്രസിന് ഉപാധ്യക്ഷ പദവി നൽകുന്നതിനോട് പ്രതിപക്ഷത്ത് സിപിഎമ്മിന് താത്പര്യമില്ല. തൃണമൂലിന് കിട്ടിയാൽ സുഖേന്ദു റോയി ചൗധരിയാണ് സ്ഥാനാർഥിയാകാൻ സാധ്യത. എൻസിപി സ്ഥാനാർഥിയെ പിന്തുണയ്ക്കാനാണ് ഇടതുപാർട്ടികളുടെ താത്പര്യം.
പ്രതിപക്ഷ സ്ഥാനാർഥിയുടെ കാര്യത്തിൽ ഇന്നു തീരുമാനമെടുത്തേക്കും. സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാനായില്ലെങ്കിൽ സമവായ സാധ്യതകൾ സർക്കാരും ആരായുന്നുണ്ട്.