ബംഗളൂരു- കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് ആരോപിച്ച് ഗൂഗിൾ എഞ്ചിനീയറെ കൊലപ്പെടുത്തിയ സംഭവത്തിൽ 32 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വാട്‌സാപ്പ് വഴി ഫോട്ടോ അടക്കം വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് കർണാടകയിലെ ബിദാർ ജില്ലയിലാണ് എഞ്ചിനീയർ ഉൾപ്പെടെ നാലു പേരടങ്ങുന്ന സംഘത്തെ ആൾക്കൂട്ടം മർദിച്ചത്. ഗുരുതരമായി മർദനമേറ്റ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മുഹമ്മദ് അസം അഹ്മദ് സംഭവ സ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശികളായ നൂർ മുഹമ്മദ്, മുഹമ്മദ് സൽമാൻ, ഖത്തർ പൗരൻ സൽഹം ഈദൽ കുബൈസി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിദാറിലെ ബന്ധുക്കളെ കാണാനും പരിപാടിയിൽ പങ്കെടുക്കാനും എത്തിയതായിരുന്നു ഇവർ. പരിപാടി കഴിഞ്ഞ് ഇവർ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി കാണാനായി പോകവെയാണ് ആൾക്കൂട്ടം ഇവരെ മർദിച്ചത്.
ഒറാഡ് താലൂക്കിലെ മുർക്കി ഗ്രാമത്തിൽ ഒരു ചായക്കടയ്ക്കു സമീപം വണ്ടി നിർത്തി വിശ്രമിക്കുകയായിരുന്നു ഇവർ. ഇതിനിടെ ഇതുവഴി സ്‌കൂൾ വിട്ട് പോകുകയായിരുന്ന കുട്ടികൾക്ക് കുബൈസി ചോക്ലേറ്റ് നൽകി. ഇതു കണ്ട ഒരാൾ സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്ന സംശയം ഉന്നയിക്കുകയും കൂടുതൽ പേരെ വിളിച്ചു കൂട്ടുകയും ആയിരുന്നുവെന്ന് കുബൈസിയുടെ ഭാര്യ സൈബുന്നിസ പറയുന്നു. അപകടം മണത്ത സംഘം വേഗം കാറിൽ കയറി മടങ്ങി. ഇതിനിടെ ഇവരുടെ ഫോട്ടോ എടുത്ത് വാട്‌സാപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു.
തൊട്ടടുത്ത ഗ്രാമത്തിൽ ഇവരെ തടയാനായി റോഡിൽ കല്ലും മറ്റും നിരത്തി തടസം സൃഷ്ടിച്ചിരുന്നു. ഇതു വെട്ടിച്ച് വേഗത്തിൽ ഓടിച്ചു പോകുന്നതിനിടെ കാർ കലുങ്കിലേക്ക് വീണു. ഇതിനിടെയാണ് ഓടിക്കൂടിയ ആൾക്കൂട്ടം സംഘത്തെ കാറിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് മർദിച്ചത്- മലക്കപേട്ട് എംഎൽഎ അഹ്മദ് ബലാല പറഞ്ഞു. രണ്ടു പോലീസുകാർ സംഭവ സ്ഥലത്ത് എത്തിയെങ്കിലും അവർക്ക് ആൾക്കൂട്ടത്തെ തടയാനായില്ലെന്നും അദ്ദേഹം പറഞ്ഞു.