Sorry, you need to enable JavaScript to visit this website.

അലമുറയിട്ട് കോട്ടയം; വികാരസാന്ദ്ര നിമിഷങ്ങളിലൂടെ ജനനായകന്റെ നഗരം

കോട്ടയം- വികാരസാന്ദ്രമായ നിമിഷങ്ങൾക്കാണ് ഉമ്മൻചാണ്ടിയുടെ മരണം അറിഞ്ഞ നിമിഷം മുതൽ കോട്ടയം സാക്ഷ്യം വഹിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഫ്‌ളെക്‌സ് ബോർഡുകൾക്കു മുന്നിൽ  നെടുവീർപ്പോടെ നോക്കി നിൽക്കുന്ന നാട്ടുകാർ. വഴിയാത്രക്കാർ. 

ഉമ്മൻ ചാണ്ടിക്ക് ആദരം അർപ്പിച്ച് നഗരസഭാ അധികൃതർ ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു സ്ഥാപിച്ച ഫ്‌ളെക്‌സ് ബോർഡ് കെട്ടിപ്പിടിച്ച് അലറികരയുന്ന ഉമ്മയുടെ ചിത്രം വൈറലായി.ഏഴാം ക്ലാസ് വിദ്യാർഥി കൊച്ചുമകൻ അബിൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉമ്മയുടെ കരച്ചിൽ അവസാനിച്ചില്ല. ബസ് സ്റ്റാൻഡിലുണ്ടായിരുന്ന മറ്റു യാത്രക്കാരാണ് ഉമ്മയെ അവിടെ നിന്നു മാറ്റിയത്. ഫാത്തിമബീവിയുടെ സങ്കടം ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ജീവിതത്തിലെ പല പ്രതിസന്ധികളിലും ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും സഹായിച്ചിട്ടുണ്ട്. 2015ൽ ഫാത്തിമബീവി മസ്തിഷ്‌കാഘാതം വന്നു കിടപ്പിലായിരുന്നു. അന്നു ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും ഇടപെട്ട് കാരുണ്യ പദ്ധതി വഴി ചികിത്സാസഹായം നൽകി. 2010ൽ ചായ തിളപ്പിക്കുമ്പോൾ പൊള്ളലേറ്റ മകൾക്കും ചികിത്സാസഹായം നൽകി. കൊച്ചുമകൾക്കു മൂക്കിൽ ദശ വന്നതിനു ചികിത്സയിലായപ്പോൾ സാമ്പത്തികസഹായം നൽകി. ജനസമ്പർക്ക പരിപാടിയിൽ നിന്നും ചികിത്സാസഹായം ലഭിച്ചു. പേരക്കുട്ടികളുടെ പഠനകാര്യത്തിലും ഉമ്മൻ ചാണ്ടി സഹായിച്ചിരുന്നു. 

                                                                                    ************************************************
തന്റെ മുച്ചക്ര വണ്ടിയിൽ വൈക്കത്ത് നിന്ന് അതിരാവിലെയെത്തി കൊച്ചുപുത്തേഴത്ത് ശശികുമാർ കരോട്ട് വള്ളക്കാലിൽ വസതിയിലെ വേദനയായി. ഉമ്മൻചാണ്ടിയുടെ ചിത്രത്തിനു മുന്നിൽ പുഷ്പം അർപ്പിക്കുകയും ചെയ്തു. ജനസമ്പർക്ക പരിപാടിയിൽ ശശികുമാറിന്  കൊടുത്തതാണ് മുച്ചക്ര സ്‌കൂട്ടർ. അതിൽ ചില ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ വീട്ടിൽ ഉമ്മൻചാണ്ടിയെ കാത്ത് ശശികുമാർ നിൽക്കും. സ്‌നേഹത്തോടെ ചേർത്ത് പിടിക്കുന്ന സാറിനോട് സങ്കടം പറയും. സഹായിക്കും. മനസ് നിറഞ്ഞ് മടങ്ങും. കഴിയുമായിരുന്നെങ്കിൽ ഉമ്മൻചാണ്ടി സാറിന് പകരം ആർക്കും വേണ്ടാത്ത തന്റെ ജീവൻ പകരംകൊടുക്കാമായിരുന്നെന്ന് ശശികുമാർ പറയുന്നു.ശശികുമാറിനെപ്പോലെ ചിന്നയ്ക്കും സുരേന്ദ്രനും സാറാമ്മയ്ക്കുമൊക്കെ ഉമ്മൻചാണ്ടിയുടെ സ്‌നേഹകടലിനെക്കുറിച്ച് പറയാൻ അനവധി.

Latest News