Sorry, you need to enable JavaScript to visit this website.

ഓക്സിജൻ മാസ്കിന് തീപിടിച്ച് ഐ.സി.യുവിൽ രോ​ഗി മരിച്ചു, ആശുപത്രിക്കെതിരെ പ്രതിഷേധം 

കോട്ട- രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ആശുപത്രിയിലെ ഐസിയുവിൽ ഓക്‌സിജൻ മാസ്‌കിന് തീപിടിച്ചതിനെ തുടർന്ന് ചികിത്സയ്ക്കിടെ 23കാരൻ മരിച്ചു. കോട്ടയിലെ അനന്ത്പുര താലാബിൽ താമസിക്കുന്ന വൈഭവ് ശർമയാണ് മരിച്ചത്. ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിനു കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു

ഐസിയുവിൽ ഡയറക്‌ട് കറന്റ് (ഡിസി) കാർഡിയോവേർഷൻ ഷോക്ക് ചികിത്സ നൽകിയതിനെ തുടർന്ന് മുഖത്തെ ഓക്‌സിജൻ മാസ്‌കിന് തീപിടിച്ചതായും മാസ്‌ക് കഴുത്തിൽ കുടുങ്ങിയതായും അവർ പറഞ്ഞു.  മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്.
മരിച്ച യുവാവിന്റെ ബന്ധുക്കൾ ബിജെപി, കോൺഗ്രസ് നേതാക്കളോടൊപ്പം ആശുപത്രിക്ക് പുറത്ത് നാല് മണിക്കൂർ ധർണ നടത്തി, ആശുപത്രിക്കെതിരെ കർശന നടപടിയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകിയതായി ന്യൂ മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സംഗീത സക്‌സേന പറഞ്ഞു. മുതിർന്ന ഡോക്ടർമാരുടെ പാനലും ഫോറൻസിക് സംഘവും മെഡിക്കൽ അശ്രദ്ധ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.
സിപിആർ (കാർഡിയോപൾമണറി റീസസിറ്റേഷൻ), ഡിസി ഷോക്ക് ചികിത്സ എന്നിവ നൽകുന്നതുവരെ വൈഭവിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. എന്നാൽ മരിച്ച യുവാവ്  ടിബി രോഗിയാണെന്നും  ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിസി ഷോക്ക് നൽകുന്നതിന് ഒരു മണിക്കൂർ മുമ്പ് യുവാവിന് സിപിആർ നൽകിയതായും അവർ പറഞ്ഞു.

Latest News