മുംബൈ- വിവാഹ പ്രായവും ഉഭയസമ്മതത്തോട് കൂടിയ ലൈംഗിക ബന്ധത്തിനുള്ള പ്രായവും ഒരു പോലെ കണക്കാക്കാനാകില്ലെന്ന് ബോംബൈ ഹൈക്കോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ഉഭയസമ്മതത്തോടുള്ള ലൈംഗിക ബന്ധങ്ങൾക്ക് ശിക്ഷാ നടപടികൾ സ്വീകരിക്കരുത്. വിവാഹ ബന്ധത്തിൽ മാത്രമല്ല ലൈംഗികതയുള്ളതെന്ന് നിരീക്ഷിച്ച കോടതി സമൂഹം മാത്രമല്ല, നീതിന്യായ വ്യവസ്ഥയും ഇക്കാര്യം മനസ്സിലാക്കണമെന്ന് ചൂണ്ടിക്കാട്ടി.
2016ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ഒരാളെ കുറ്റവിമുക്തനാക്കിയാണ് കോടതി ഉത്തരവ്. പ്രതിയായ പുരുഷന് അന്ന് 25 വയസും പെൺകുട്ടിക്ക് 17 വയസ്സുമായിരുന്നു പ്രായം. ഇരുവരും ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, ശരീഅത്ത് നിയമ പ്രകാരം തനിക്ക് പ്രായപൂർത്തിയായെന്നും യുവാവുമായി നിക്കാഹ് കഴിഞ്ഞിരുന്നതായും പെൺകുട്ടി മൊഴി നൽകിയിരുന്നു.
പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതം അപ്രധാനമായതിനാൽ പെൺകുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന് തുല്യമാകുമെന്നും വിചാരണക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, കേസിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുള്ളതെന്ന് തെളിവുകൾ വ്യക്തമായി സ്ഥാപിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി ശിക്ഷ തെറ്റാണെന്ന് വിധിച്ചു.
പ്രണയ ബന്ധങ്ങളെ ക്രിമിനൽവൽക്കരിക്കുന്നത് നീതിന്യായ വ്യവസ്ഥയെ ഭാരപ്പെടുത്തുന്നതാണെന്നും കോടതിയുടെ സമയത്തെ അപഹരിക്കുന്നതാണെന്നും ജസ്റ്റിസ് ഭാരതി ഡാംഗ്രെ പറഞ്ഞു. പലപ്പോഴും ഇത്തരത്തിലുള്ള ക്രിമിനൽവൽക്കരണം അക്രമങ്ങളിലേക്ക് വഴിമാറുന്നുവെന്ന് കോടതി കൂട്ടിച്ചേർത്തു.