ന്യൂദല്‍ഹി- സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. ബി.ജെ.പിക്കാരനാണെന്ന തന്റെ രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്താതെയാണ് പരാതിക്കാരന്‍ ഹരജി നല്‍കിയതെന്നു ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരാന് വേണ്ടി ഹാജരായ അഭിഭാഷകനെയും കുറ്റപ്പെടുത്തി.
പരാതിക്കാരന്‍ വസ്തുതകള്‍ മറച്ചുവെച്ചതിലൂടെ കുറ്റക്കാരനാണ്. നിങ്ങള്‍ ബി.ജെ.പിയുമായുള്ള ബന്ധം മറച്ചുവെച്ചാണ് സി.പി.എമ്മിനെതിരായ ഹരജിയുമായി വന്നത്. നിങ്ങള്‍ അക്കാര്യം വെളിപ്പെടുത്തണമായിരുന്നുവെന്നും ഹരജിക്കാരനായ ജോജോ ജോസഫിനോട് കോടതി പറഞ്ഞു. ജോജോ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ ആണെന്ന് സി.പി.എം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇത്തരത്തില്‍ ഇടപെട്ടത്. സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നാണ് ജോജോ തന്റെ ഹരജിയില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ദല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ കൂടിയായ ജോജോ ജോസഫ് പറഞ്ഞു. വ്യാജ രേഖകളും തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകളും ഹാജരാക്കിയാണ് സിപിഎം 1989 ല്‍ രജിസ്‌ട്രേഷന്‍ നേടിയതെന്നായിരുന്നു ജോജോയുടെ ഹരജിയില്‍ ആരോപിച്ചിരുന്നത്. ഇതേ ഹരജിയില്‍ കോടതി നേരത്തെ തെരഞ്ഞെടുപ്പു കമ്മീഷന്റെ അഭിപ്രായവും തേടിയിരുന്നു.