റിയാദ് - സൗദി ഉദ്യോഗാർഥികളിൽ 83.9 ശതമാനവും വനിതകളാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 8,99,000 വനിതാ ഉദ്യോഗാർഥികളാണ് രാജ്യത്തുള്ളത്. 1,73,000 പുരുഷ ഉദ്യോഗാർഥികളും സൗദിയിലുണ്ട്. ഉദ്യോഗാർഥികളിൽ പുരുഷന്മാർ 16.1 ശതമാനമാണ്. സൗദിയിൽ 10,70,000 ലേറെ പേരാണ് തൊഴിൽ തേടുന്നത്.
തൊഴിൽ രഹിതരിൽ 26.8 ശതമാനവും പന്ത്രണ്ടു മാസത്തിലധികമായി തൊഴിൽ അന്വേഷിച്ചുവരികയാണ്. 45 ശതമാനം പേർ ആറു മാസത്തോളമായി തൊഴിൽ അന്വേഷിക്കുന്നവരാണ്. തൊഴിൽരഹിതരിൽ 31.1 ശതമാനം സിവിൽ സർവീസ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുരുഷന്മാരിൽ 38.6 ശതമാനം പേർ തൊഴിലവസരങ്ങൾ തേടി തൊഴിലുടമകളെ നേരിട്ട് സമീപിക്കുന്നു. വനിതകളിൽ 43.5 ശതമാനം പേർ സിവിൽ സർവീസ് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് തൊഴിലുകൾ ലഭിക്കുന്നത് കാത്തിരിക്കുകയാണ്. ഉദ്യോഗാർഥികളിൽ 54 ശതമാനവും യൂനിവേഴ്‌സിറ്റി ബിരുദധാരികളാണ്. 5,76,300 പേർ ഈ വിഭാഗത്തിൽ പെട്ടവരാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായി ഉയർന്നിട്ടുണ്ട്. പുരുഷന്മാർക്കിടയിൽ 7.6 ശതമാനവും വനിതകൾക്കിടയിൽ 30.9 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2020 ഓടെ തൊഴിലില്ലായ്മ നിരക്ക് ഒമ്പതു ശതമാനവും 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനവുമായി കുറയ്ക്കുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.
ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 1,33,33,513 പേർ തൊഴിലെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ആകെ തൊഴിലാളികൾ 1,35,81,141 ആയിരുന്നു. ഈ കൊല്ലം ആദ്യ പാദത്തിൽ തൊഴിൽ രഹിതരുടെ എണ്ണത്തിൽ 5,715 പേരുടെ വർധനവുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7,78,900 ഓളം സ്വദേശികൾ തൊഴിൽ രഹിതരാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ തൊഴിൽ രഹിതർ 7,73,200 ഓളം ആയിരുു. എന്നാൽ ഉദ്യോഗാർഥികളുടെ എണ്ണത്തിൽ 14,399 പേരുടെ കുറവുണ്ടായി. ഈ വർഷം അവസാന പാദത്തിലെ കണക്കുകൾ പ്രകാരം 10,70,000 ഓളം ഉദ്യോഗാർഥികളാണുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഉദ്യോഗാർഥികൾ 10,90,000 ഓളം ആയിരുന്നു.ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യു സൗദികൾ 31,50,409 ആണ്. 2016 അവസാന പാദത്തിൽ സൗദി ജീവനക്കാർ 3.06 ദശലക്ഷം ആയിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 1,01,83,104 ആണ്. 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 1,04,17,295 ആയിരുന്നു. 2016 അവസാനം വിദേശികൾ 10.88 ദശലക്ഷം ആയിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 13,400 പേരുടെയും വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 2,34,191 പേരുടെയും കുറവുണ്ടായി.