Sorry, you need to enable JavaScript to visit this website.

യുഎസില്‍ ആക്രമിയുടെ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

കന്‍സസ് സിറ്റി- യുഎസിലെ മിസോറി കന്‍സസ് സിറ്റി യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ തെലങ്കാന സ്വദേശി ഭക്ഷണശാലയില്‍ ആക്രമിയുടെ വെടിയേറ്റു മരിച്ചു. 25-കാരനായ ശരത്ത് കോപ്പുവാണ് കൊല്ലപ്പെട്ടത്. കോപ്പു ജോലി ചെയ്യുന്ന ഭക്ഷണശാലയില്‍ തോക്കുമായെത്തിയ കൊള്ളക്കാരനാണ് വെടിവച്ചത്. ഇയാള്‍ മുങ്ങിയിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് തുടര്‍പഠനത്തിനായി കോപ്പു യുഎസിലെത്തിയത്. പഠനത്തോടൊപ്പം ഭക്ഷണശാലയില്‍ താല്‍ക്കാലി ജോലിയും ചെയ്തു വരികയായിരുന്നു. യുഎസ് സമയം ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് വെടിവയ്പ്പുണ്ടായത്.  

ഭക്ഷണശാലയിലെത്തിയ ആക്രമി തോക്കു ചൂണ്ടിയതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശരത്ത് കോപ്പുവിന് പിന്നില്‍ നിന്നാണ് വെടിയേറ്റത്. മറ്റൊരു ഉപഭോക്താവിനെ വലിച്ചു മാറ്റിയാണ് കോപ്പുവിനു നേരെ ആക്രമി തോക്കു ചൂണ്ടിയത്. ആക്രമി തോക്ക് പുറത്തെടുത്തതോടെ മറ്റെല്ലാവരും കുനിഞ്ഞു നിന്ന് ആക്രമിയുടെ കണ്ണു വെട്ടിച്ചപ്പോള്‍ ആക്രമിയെ കണ്ട് ഭയന്ന് ശരത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നു നാലു തവണ വെടിയുതിര്‍ത്ത ആക്രമി ഉടന്‍ സ്ഥലം വിട്ടുവെന്നും ഉടന്‍ 911ല്‍ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ഭക്ഷണശാലയിലെ ജീവനക്കാര്‍ പറയുന്നു. വെടിയേറ്റഉടന്‍ ശരത്ത് വീണു. പോലീസെത്തിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ശരത്തിനെ ആശുപത്രിയിലേക്കു മാറ്റിയത്.

ആക്രമിക്കായി പോലീസ് വ്യാപക തെരച്ചില്‍ നടത്തിവരികയാണ്. തവിട്ടും വെള്ളയും വരകളുള്ള ടിഷര്‍ട്ട് ധരിച്ച ആക്രമിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 10,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തു വിട്ടു. 

തെലങ്കാനയിലെ വാറങ്കല്‍ ജില്ലക്കാരനാണ് എഞ്ചിനീയറിങ് ബിരുദധാരിയായ ശരത്ത്. ഹൈദരാബാദില്‍ സോഫ്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് ബിരുദാനന്തര ബിരുദ പഠനത്തിനു വേണ്ടി ജനുവരിയിലാണ് യുഎസില്‍  പോയത്. ശരത്തിന്റെ മൃതദേഹം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. പ്രവാസികാര്യ മന്ത്രി കെ ടി രാമറാവു, മന്ത്രിമാരായ കാഡിയം ശ്രീഹരി, ടി ശ്രീനിവാസ് യാദവ് എന്നിവര്‍ ഹൈദരാബാദിലെ അമീര്‍പേട്ടിലുള്ള ശരത്തിന്റെ വീട്ടിലെത്ത് ബന്ധുക്കളെ ആശ്വസിപ്പിച്ചു.

Latest News