Sorry, you need to enable JavaScript to visit this website.

ജെ.ഡി.ടി ഇസ്ലാം കമ്മിറ്റിയിൽനിന്ന് സി.പി കുഞ്ഞിമുഹമ്മദും സൂര്യ ഗഫൂറും പുറത്തായി

കോഴിക്കോട്- ജെ.ഡി.ടി ഇസ്‌ലാം കമ്മിറ്റിയിൽ നിന്ന് സി.പി.കുഞ്ഞിമുഹമ്മദും സൂര്യ അബ്ദുൽ ഗഫൂറും പുറത്ത്. പ്രസിഡന്റായി ഡോ. പി.സി. അൻവറിനെയും സെക്രട്ടറിയായി ഡോ. വി. ഇദ്രിസിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 
ദീർഘകാലം ജെ.ഡി.ടി. സ്ഥാപനങ്ങളുടെ നടത്തിപ്പുകാരനായിരുന്ന കെ.പി.ഹസൻ ഹാജി പോയതിന് ശേഷം ജെ.ഡി.ടി. നേതൃത്വത്തിലേക്ക് വരികയും പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികൾ വഹിക്കുകയും ചെയ്ത സി.പി. കുഞ്ഞിമുഹമ്മദ് ഏതാനും മാസങ്ങളായി സ്ഥാപനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈ ഒഴിവിലേക്കാണ് തണൽ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. വി. ഇദ്രിസ് കടന്നു വരുന്നത്. 
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് സൂര്യ അബ്ദുൽ ഗഫൂർ പുറത്തായത്. എക്‌സിക്യൂട്ടീവിലേക്കുള്ള വോട്ടെടുപ്പ് നടന്നപ്പോൾ 11 വീതം വോട്ട് ലഭിച്ച നാലു പേരിൽ നിന്ന് നറുക്കെടുത്തപ്പോൾ ഗഫൂറടക്കം രണ്ടു പേർ പുറത്താകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന സൂര്യ ഗഫൂർ കോഴിക്കോട്ടെ സി.പി.എമ്മിന്റെ പ്രമുഖ നേതാവാണിപ്പോൾ. മദ്രസാ ക്ഷേമനിധിയുടെ ചെയർമാനായ ഗഫൂർ കമ്മിറ്റിയിൽ നിന്ന് പുറത്തായപ്പോൾ ഡി.വൈ.എഫ്‌ഐ. നേതാവ് വസീഫിന്റെ പിതാവ് വീരാൻകുട്ടി കമ്മിറ്റിയിൽ അംഗമായി. സി.പി.എമ്മിന്റെ വ്യാപാരി വ്യവസായി സമിതി നേതാവ് കൂടിയായ ഗഫൂറിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ബാനർ ജെ.ഡി.ടി.ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
വർഷങ്ങൾക്ക് മുമ്പ് മരുന്ന് വാങ്ങുന്നതിനും മറ്റും ജെ.ഡി.ടി.യെ ഉപയോഗപ്പെടുത്തിയതിൽ സൂര്യ ഗഫൂറിനെതിരെ പരാതി ഉയർന്നിരുന്നു. സി.പിഎമ്മിലെ പ്രമുഖ നേതാക്കൾ ഇടപെട്ടാണ് ഒത്തു തീർത്തത്.
 

Latest News