കോട്ടയം - കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശകതമായതോടെ കോളേജ് അടച്ചിടാന്‍ തീരുമാനിച്ചു. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, ഹോസ്റ്റല്‍ ഒഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥി സമരം നടക്കുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇതോടെ കോളേജ് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുകയാണ്.
ഇന്നലെ വിദ്യാര്‍ത്ഥികളുമായി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാര്‍ത്ഥി പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ പേരില്‍ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിക്കുകയും അതിര് വിട്ട് ശകാരിക്കുകയും ചെയ്തതായി സഹപാഠികള്‍ പറയുന്നു. പ്രശ്നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.