ജിദ്ദ- രാജ്യത്ത് ഫാസിസവും സവര്‍ണ മേല്‍ക്കോയ്മയും കോര്‍പ്പറേറ്റ് വാഴ്ചയും ശക്തിപ്പെടുമ്പോള്‍ പ്രതിപക്ഷത്ത് ഇപ്പോള്‍ കാണുന്ന ഐക്യം പ്രതീക്ഷ നല്‍കുന്നതാണെന്ന് വല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യക്ഷത്തില്‍ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേധാവിത്വം പ്രഖ്യാപിക്കും വിധമുള്ള ചടങ്ങുകള്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ വരെ കണ്ടു. ഇത്തരം നടപടികള്‍ക്കെതിരെ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നല്‍കുന്നതാണ്. കര്‍ണാടക തെരഞ്ഞടുപ്പ് ഫലം ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരുന്നുണ്ട്. ഇന്ത്യയില്‍ വംശീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ മുസ്ലിംകള്‍, ദളിതര്‍, ആദിവാസികള്‍, െ്രെകസ്തവര്‍, ദളിത് െ്രെകസ്തവര്‍, പിന്നാക്ക ഹിന്ദുക്കള്‍, സ്ത്രീകള്‍, തീരദേശ ജനത, ഭൂരഹിതര്‍, കര്‍ഷകര്‍, തൊഴിലാളികള്‍ തുടങ്ങി നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹങ്ങളുടെ സാമൂഹിക പദവിയും അവകാശവും അധികാര പങ്കാളിത്തവും സത്യസന്ധമായി ഉയര്‍ത്തുന്ന വിശാല രാഷ്ട്രീയ മുന്നേറ്റം രൂപപ്പെടണം.
ഹിന്ദുത്വ ഫാസിസം, കോര്‍പ്പറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം, സവര്‍ണ്ണ മേല്‍ക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണ സമീപനം എന്നിവക്കെതിരായ നവ ജനാധിപത്യത്തില്‍ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. ഇതിനാവശ്യമായ കര്‍മ്മപദ്ധതിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആശയപരമായും പ്രായോഗികമായും ദുര്‍ബലപ്പെട്ട സാഹചര്യത്തെയാണ് സംഘ്പരിവാര്‍ പ്രയോജനപ്പെടുത്തുന്നത്. ഇസ്ലാമോഫോബിയ സൃഷ്ടിച്ചാണ് സംഘപരിവാര്‍ അതിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നത്. ഇതരകക്ഷികളും തരാതരം പോലെ അത് പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷം അതിന്റെ മുഖ്യ ഗുണഭോക്താക്കളാണ്. 40,000 കോളനികളില്‍ നരക ജീവിതം നയിക്കുകയാണ് കേരളത്തിലെ ദളിതര്‍. മറ്റ് വിഭാഗങ്ങളിലും ഭൂരഹിതര്‍ ധാരാളമായുണ്ട്. ഇത്തരം ജനവിഭാഗങ്ങളുടെ ഭൂ ഉടമസ്ഥത അംഗീകരിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകുന്നില്ല. 400 സ്‌ക്വയര്‍ ഫീറ്റിന്റെ ഫ്‌ലാറ്റില്‍ ഭൂ രഹിതരെ തടവിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിവരുന്ന ഭൂസമരം ഈ ഘട്ടത്തില്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ഭൂ ഉടമസ്ഥത നേടിയെടുക്കാവുന്ന സമര രീതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.
ആദിവാസി മേഖലയായതുകൊണ്ട് വയനാട്ടില്‍ പ്ലസ്ടുവിന് സയന്‍സ് സീറ്റ് വേണ്ട ആര്‍ട്‌സ് മതി എന്ന് ഒരു മന്ത്രിപറയുന്നത് പോലും ഈ പൊതു ബോധത്തിന്റെ ഭാഗമാണ്. തീരദേശ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ പ്രക്ഷോഭങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തി ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നു. സ്ത്രീകളുടെ സാമൂഹിക പദവി, സുരക്ഷ, ഭരണ, അധികാര പങ്കാളിത്തം എന്നിവയില്‍ നീതിപൂര്‍വ്വമായ സമീപനം ഉണ്ടായിട്ടില്ല. വനിതാ സംവരണത്തില്‍ ഇതുവരെയും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഇല്ലാതായി കഴിഞ്ഞു. തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമായി കൊണ്ടിരിക്കുന്നു. തൊഴില്‍ സമരങ്ങള്‍ പോലും അനുവദിക്കാത്ത സാഹചര്യമാണ് രൂപപ്പെടുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാറായി മാറിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങള്‍ക്കും പദ്ധതികള്‍ക്കും എതിരെ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി എല്ലാക്കാലത്തും നിലയിറപ്പിച്ചിട്ടുണ്ട്. സാമൂഹ്യനീതി പുലരുന്ന സാമൂഹം കെട്ടിപ്പടുക്കാന്‍ വേണ്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിലകൊള്ളുന്നത്. ആ കടമ കൂടുതല്‍ കരുത്തോടെ നിര്‍വഹിക്കാന്‍ കഴിയുന്ന നിര്‍ണായക രാഷ്ട്രീയ ശക്തിയായി വെല്‍ഫെയര്‍ പാര്‍ട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
പ്രവാസി വെല്‍ഫെയര്‍ സൗദി നാഷനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം ഒതുക്കുങ്ങല്‍, വെസ്‌റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഉമര്‍ പാലോട്, വെസ്‌റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.