Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോടതി ഉത്തരവ് 

ന്യൂഡല്‍ഹി- രാഹുല്‍ ഗാന്ധിക്ക് പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഡല്‍ഹി റോസ് അവന്യൂ കോടതി മൂന്ന് അനുമതി നല്‍കി. പത്തു വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചെങ്കിലും മൂന്ന് വര്‍ഷമായിരിക്കും പാസ്‌പോര്‍ട്ട് കാലാവധിയെന്ന നിബന്ധനയുണ്ട്. അതിന് ശേഷം പാസ്‌പോര്‍ട്ട് പുതുക്കാന്‍ രാഹുല്‍ വീണ്ടും കോടതിയെ സമീപിക്കണം.

മാനനഷ്ടകേസില്‍ കോടതി വിധി തിരിച്ചടിയായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി തന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് തിരികെ നല്‍കിയിരുന്നു. രാഹുലിന് പാസ്‌പോര്‍ട്ട് അനുവദിച്ചാല്‍ അത് നാഷണല്‍ ഹെറാള്‍ഡ് കേസിലെ അന്വേഷണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന ബി. ജെ. പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയെ എതിര്‍ത്തെങ്കിലും 2018 മുതല്‍ ഈ കേസ് അനിശ്ചിതത്വത്തിലാണെന്നും രാഹുല്‍ ഒളിച്ചോടുമെന്നുള്ള ആശങ്കയില്ലെന്നും കോടതി വ്യക്തമാക്കി. യാത്ര ചെയ്യാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. 

പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടതോടെ  രാഹുല്‍ ഗാന്ധി അടുത്ത ആഴ്ച അമേരിക്കയിലേക്ക് പോകും. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലും പ്രസംഗിക്കും.

Latest News