തിരുവനന്തപുരം - ബാലരാമപുരത്ത് ഹോസ്റ്റലിനുള്ളിൽ ആസ്മിയ എന്ന പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ.
വിമൻ ജസ്റ്റിസ് ജില്ലാ ജനറൽ സെക്രട്ടറി ഷംലയുടെ നേതൃത്വത്തിൽ പ്രവർത്തകർ അസ്മിയയുടെ കുടുംബത്തെ സന്ദർശിച്ചു.
കുട്ടിയെ മാനസികമായി തളർത്തുന്ന ഒരു സാഹചര്യം സ്ഥാപനത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് മാതാവിന്റെ സംസാരത്തിൽ നിന്നും അറിയാൻ കഴിഞ്ഞത്.
പിതാവിന്റെ അസാന്നിധ്യത്തിൽ ഏറെ പ്രയാസം സഹിച്ച് മക്കളെ വളർത്തിക്കൊണ്ടുവരുന്ന ഒരു സ്ത്രീ അങ്ങേയറ്റത്തെ വിശ്വാസത്തോടുകൂടിയായിരിക്കും മകളെ ഇതുപോലൊരു സ്ഥാപനത്തിലാക്കിയത്. അവരെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറത്താണ് ഈ ദുരന്തം.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതിനൊപ്പം നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ വിമൻ ജസ്റ്റിസ് ആ കുടുംബത്തോടൊപ്പം നിലകൊള്ളുമെന്നും ഫായിസ പറഞ്ഞു.