കുഞ്ഞയ്യപ്പനെപ്പോലെതന്നെ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് മെംബറും പ്രസിഡന്റുമൊക്കെയായിരുന്ന കൃഷ്ണൻ കുഞ്ഞയ്യപ്പന്റെ വഴി തന്നെ തെരഞ്ഞെടുത്തത്. തന്നെ പാർട്ടി പുകച്ച് പുറത്തു ചാടിക്കുകയാണെന്ന് കൃഷ്ണൻ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി എഴുതിയിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പിനെ ആധാരമാക്കി കേസെടുക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. സർക്കാർ മാത്രമല്ല, പാർട്ടിക്കും കൃഷ്ണന്റെ മരണം വളരെ ചെറിയ കാര്യം മാത്രം. സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണത്തിന്റെ ഒരാവശ്യവുമില്ലെന്നാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാകമ്മിറ്റി പ്രസ്താവനയിറക്കിയത്. ദളിതന്റെ ജീവനു അത്രവിലയേയുള്ളു എന്നു സാരം.
എം. സുകുമാരന്റെ പ്രശസ്ത നോവൽ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ മറക്കാൻ സാഹിത്യാസ്വാദകർക്കോ രാഷ്ട്രീയ തൽപരർക്കോ കഴിയില്ല. ഒപ്പം കുഞ്ഞയ്യപ്പന്റെ ആത്മഹത്യാകുറിപ്പും. 'ഒരു മഹാ രോഗിയായി; പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ മനഃപൂർവ്വം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച് വിധി വൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീർത്തനങ്ങൾ പാടി പാർട്ടി പ്രവർത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യ ഭുമിയിൽ അലഞ്ഞു തിരിഞ്ഞ് മറ്റാർക്കും ഞാൻ എന്റെ രോഗം പരത്തില്ല. എന്റെ കുടിലിനു പിറകിലുള്ള മാവും ആ ഊഞ്ഞാൽ കയറും ഇക്കാര്യത്തിൽ ഇന്നു പുലരുംമുമ്പെ എന്നെ സഹായിക്കും. എന്റെ ചില അന്തിമാഭിലാഷങ്ങൾ കൂടി ഇവിടെ രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
ഒന്നാമതായി എന്റെ ശവകുടീരപ്പലകയിൽ ഇത്രയും എഴുതി വക്കണം: അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്രകൊള്ളുന്നു. ഒരു പൂവിതൾ നുള്ളിയിട്ടു പോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്. രണ്ടാമത്തെ കാര്യം എന്റെ മരണശേഷം എന്റെ ഭാര്യക്കും മകനുമായി ഒരു കുടുംബ സഹായ ഫണ്ട് പതിവുപോലെ പാർട്ടി പിരിച്ചുണ്ടാക്കുമെന്നും അതിൽ പകുതി സംഖ്യ ഒരു സ്ഥിരം നിക്ഷേപമായി 'മാസം തോറും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പലിശയിനത്തിൽ കിട്ടാനുള്ള ഏർപ്പാട് പാർട്ടി ചെയ്തേക്കുമെന്നുള്ള കാര്യത്തിൽ എനിക്കൊട്ടും സംശയമില്ല..... അവർക്കൊരു വീട് വച്ചു കൊടുക്കുമ്പോൾ സ്ഥലം തെരഞ്ഞെടുക്കുന്ന കാര്യത്തിൽ കുഞ്ഞയ്യപ്പൻ കുടുംബ സഹായ ഫണ്ട് കമ്മറ്റിക്കാരോട് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ കേന്ദ്രക്കമ്മിറ്റി നിർദേശം കൊടുക്കണം.ആ വീടിന്റെ മട്ടുപ്പാവിലിരുന്നാൽ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്:.......' - ഇതായിരുന്നു ആ കുറിപ്പിലെ വരികൾ.
കുഞ്ഞയ്യപ്പൻ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം കൊണ്ടോ സാമ്പത്തിക ബാധ്യത മൂലമോ ആയിരുന്നില്ല. മറിച്ച് താൻ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ അപചയമായിരുന്നു അതിനു കാരണം. തന്റെയും തന്റെ വർഗത്തിന്റെയും മോചനം ഈ പ്രസ്ഥാനത്തിലൂടെയാണെന്ന് കുഞ്ഞയ്യപ്പൻ സ്വപ്നം കണ്ടിരുന്നു. എന്നാലതിൽ തന്നെപ്പോലെ പാവപ്പട്ട ദളിതന് സ്ഥാനമില്ലെന്ന തിരിച്ചറിവായിരുന്നു അയാളെ ആത്മഹത്യയിലേക്ക് നയിച്ചത്. സുകുമാരന്റെ നോവൽ പ്രസിദ്ധീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും കുഞ്ഞയ്യപ്പന്മാർ കേരളത്തിലുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഏതാനും ദിവസം മുമ്പ് കായലിൽ ചാടി ആത്മഹത്യ ചെയ്ത കൃഷ്ണൻ ഒടുവിലത്തെ ഉദാഹരണം.
കുഞ്ഞയ്യപ്പൻ ആത്മഹത്യ ചെയ്ത കാരണം തന്നെയായിരുന്നു കൃഷ്ണനേയും അതിനു പ്രേരിപ്പിച്ചത്. കുഞ്ഞയ്യപ്പനെപ്പോലെതന്നെ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് മെംബറും പ്രസിഡന്റുമൊക്കെയായിരുന്ന കൃഷ്ണൻ കുഞ്ഞയ്യപ്പന്റെ വഴി തന്നെ തെരഞ്ഞെടുത്തത്. തന്നെ പാർട്ടി പുകച്ച് പുറത്തു ചാടിക്കുകയാണെന്ന് കൃഷ്ണൻ ആത്മഹത്യാ കുറിപ്പിൽ വ്യക്തമായി എഴുതിയിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പിനെ ആധാരമാക്കി കേസെടുക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. സർക്കാർ മാത്രമല്ല, പാർട്ടിക്കും കൃഷ്ണന്റെ മരണം വളരെ ചെറിയ കാര്യം മാത്രം. സംഭവത്തിൽ പാർട്ടിതലത്തിൽ അന്വേഷണത്തിന്റെ ഒരാവശ്യവുമില്ലന്നാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാകമ്മിറ്റി പ്രസ്താവനയിറക്കിയത്. ദളിതന്റെ ജീവനു അത്രവിലയേയുള്ളു എന്നു സാരം.
കമ്യണിസ്റ്റ് പാർട്ടിയുടെ ചരിത്രമെടുത്തു പരിശോധിച്ചാൽ ഇതിൽ അത്ഭുതപ്പെടാനില്ല എന്നതാണ് മറ്റൊരു കാര്യം. പാർട്ടിയുടെ ജനനം തന്നെ ദളിതനെ പുറത്താക്കിയായിരുന്നു. കുന്തക്കാരൻ പത്രോസിനെ (പുന്നപ്ര വയലാർ സമരസേനാനി കെ.വി പത്രോസ്).
കേരള രാഷ്ട്രീയ ചരിത്രത്തിൽ ചോരകൊണ്ട് ഇതിഹാസം രചിച്ച, ഇപ്പോഴും വർഷാവർഷം കമ്യൂണിസ്റ്റു പാർട്ടികൾ സമുചിതമായി ആചരിക്കുന്ന പുന്നപ്ര വയലാർ സമരത്തിന്റെ കുന്തമുനക്കാരൻ. തിരുകൊച്ചിയിൽ കമ്യൂണിസ്റ്റു പ്രസ്ഥാനം വളർത്തിയതിനു പിറകിലെ യഥാർത്ഥ പോരാളി പത്രോസായിരുന്നു.
1931 ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ കേരളഘടകത്തിനു നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല. അന്നു ഇ.എം.എസും എ.കെ.ജിയും കൃഷണപിള്ളയുമെല്ലം കോൺഗ്രസുകാരായിരുന്നു. എന്നാൽ 1939-ൽ പിണറായിയിലെ പാറപ്പുറത്തു വെച്ച് നടന്ന സമ്മേളനം ദളിതനിൽ നിന്ന് ബ്രാഹ്മണനിലേക്കുള്ള അധികാരമാറ്റത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. എന്നാൽ അതൊന്നും പത്രോസിന്റെ വിപ്ലവവീര്യത്തെ ബാധിച്ചില്ല. അങ്ങനെയാണ് പുന്നപ്ര വയലാറിന്റെ കുന്തമുനക്കാരനായി പത്രോസ് മാറിയത്. ഇനിയൊരൊറ്റ തൊഴിലാളിയെ തൊട്ടാൽ ആലപ്പുഴ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കത്തിക്കുമെന്ന് സർ സി.പിയെ താക്കീതു ചെയ്തു പത്രോസ്. പത്രോസിനെ പിടികിട്ടിയാൽ ഇടിവണ്ടീടെ പിറകെ കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്ക് കാണാനെത്തിക്കണം എന്നാണ് സി.പി ഉത്തരവിട്ടത്. എന്നാൽ പത്രോസിനെ ഒതുക്കിയത് പാർട്ടി തന്നെയായിരുന്നു. ആദ്യം ബ്രാഞ്ചിലേക്കു തരം താഴ്ത്തി. പിന്നീട് പുറത്തേക്ക് പോയ പത്രോസ് ചുമട് എടുത്തും ചായക്കട നടത്തിയും കയർ മാറ്റുകൾ കൊണ്ടു നടന്നു വിറ്റും അവിടേയും യിൽ പരാജിതനായി ചുമച്ചും കുരച്ചും 1980 ൽ മരണപ്പെട്ടു .... ! ചുടുകാട്ടിൽ ആ ചിത ഒരനാഥപ്രേതത്തിന്റേതുപോലെ എരിഞ്ഞടങ്ങിയപ്പോൾ പാർട്ടി നേതാക്കന്മാരാരും തന്നെയുണ്ടായിരുന്നില്ല. റീത്തുകൾ ഒന്നുമില്ലായിരുന്നു. വർഷം തോറും നടക്കുന്ന പുന്നപ്ര - വയലാർ അനുസ്മരണങ്ങലിലൊന്നും പത്രോസിനെ സ്മരിച്ചതേയില്ല. സമരത്തിന്റെ ജൂബിലിയോടനുബന്ധിച്ച് ദേശാഭിമാനി ദിനപത്രം സ്പെഷ്യൽ പതിപ്പ് ഇറക്കിയതിലും പത്രോസില്ലായിരുന്നു. സി. പി. എമ്മിന്റെ സംസ്ഥാന സമ്മേളനം 2015 ഫെബ്രുവരി 20-23 വരെ ആലപ്പുഴയിൽ നടന്നപ്പോഴും പത്രോസിനെ വിസ്മരിച്ചു. പാർട്ടി ചരിത്രത്തിൽനിന്നും ചരിത്രരേഖകളിൽനിന്നും പത്രോസിനെ നിഷ്കാസനം ചെയ്തു. അതിനുള്ള രാഷ്ട്രീയ കാരണം ജാതിയാധിപത്യമല്ലാതെ മറ്റൊന്നായിരുന്നില്ല. പത്രോസിനെ തള്ളിപ്പറഞ്ഞതോടെ പത്രോസ് പ്രതിനിധീകരിച്ചിരുന്ന പറയനും പുലയനുമടക്കമുള്ള അധഃസ്ഥിതരെയാണ് കമ്യൂണിസ്റ്റ് പാർട്ടി തള്ളിപ്പറഞ്ഞത്. അങ്ങനെയാണത് ശങ്കരൻ നമ്പൂതിരിപ്പാടുമാരുടേയും അച്ചുതമേനോന്മാരുടേയും പാർട്ടിയായത്. 'നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി'യിൽ മാലയിൽ നിന്ന് കേശവൻ നായരും പരമുപിള്ളയും ചെങ്കൊടി പിടിച്ചുവാങ്ങി മുന്നിൽ നിന്നതുപോലെതന്നെ... ആ ചരിത്രം തന്നെയാണ് തുടരുന്നത്. ഇപ്പോഴത് കൃഷ്ണനിലൂടെയാണെന്നുമാത്രം.