Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ 8000 വർഷം പഴക്കമുള്ള ഗ്രാമം കണ്ടെത്തി

യു.എ.ഇ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ പ്രാചീന ഗ്രാമത്തിന്റെ  കംപ്യൂട്ടർ ഗ്രാഫിക്‌സ്‌

അബുദാബി- എണ്ണായിരം വർഷം പഴക്കമുള്ള ഗ്രാമം യു.എ.ഇ പുരാവസ്തു ഗവേഷകർ കണ്ടെത്തി. അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പിന് കീഴിലെ പുരാവസ്തു ശാസ്ത്രജ്ഞരാണ് നിയോലിത്തിക് യുഗത്തിൽ അല്ലെങ്കിൽ നവീന ശിലായുഗത്തിൽ സ്ഥിതി ചെയ്തിരുന്ന ഈ ഗ്രാമം മർവാഹ ദ്വീപിൽ കണ്ടെത്തിയത്. ഇവിടെ ഉണ്ടായിരുന്ന വീടുകളുടെ അവശിഷ്ടങ്ങൾ റേഡിയോ കാർബൺ ടെസ്റ്റുകൾക്ക് വിധേയമാക്കിയപ്പോഴാണ് കാലപ്പഴക്കം നിർണയിച്ചത്. നൂറ് വർഷങ്ങളിൽ അധികം ഉപയോഗിച്ചിരുന്ന വീടുകൾ സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് ഭദ്രമായി സംരക്ഷിച്ചിരിക്കുകയാണ്. 
നിരവധി മുറികളും വരാന്തയും കാലിത്തൊഴുത്തും അടുക്കളയും ഉൾപ്പെടുന്ന പത്തോളം വീടുകളാണ് ഈ ഗ്രാമത്തിൽ കാണപ്പെട്ടത്. നിർമാണ ശൈലിയിലും രൂപത്തിലും ഈ വീടുകൾക്ക് വിസ്മയകരമായ സാമ്യമുണ്ടെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ഈ പുരാതന ഗ്രാമം ഡിജിറ്റൽ രൂപത്തിൽ പുനരാവിഷ്‌കരിക്കുന്നതിനുള്ള ശ്രമത്തിലാണ് പുരാവസ്തു ഗവേഷകർ. ഇത്തരത്തിൽ നിരവധി ഗ്രാമങ്ങൾ യു.എ.ഇയുടെ പല ഭാഗത്തും കാണാൻ സാധ്യതയുണ്ടെന്ന് അവിചാരിതമായ ഈ കണ്ടുപിടിത്തം സൂചന നൽകുന്നുവെന്നും പുരാവസ്തു ശാസ്ത്രജ്ഞർ വിലയിരുത്തുന്നുണ്ട്.
വെള്ളത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും ലഭ്യത കാരണമായിരിക്കും പ്രദേശത്ത് ആളുകൾ സ്ഥിരമായി താമസിക്കാൻ തുടങ്ങിയതെന്നും അനുമാനിക്കുന്നു. രാജ്യത്ത് ജനവാസം തുടങ്ങിയതിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടിത്തമാണിതെന്ന് അബുദാബി ടൂറിസം വകുപ്പ് മേധാവി മുഹമ്മദ് ഖലീഫ അൽമുബാറക് വ്യക്തമാക്കി.

Latest News