മോസ്‌കോ- പ്രസിഡന്റ് വഌദിമിര്‍ പുടിനെ വധിക്കാന്‍ യുക്രൈന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി റഷ്യ. ആക്രമണം ലക്ഷ്യമാക്കിയെത്തിയ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും റഷ്യ വ്യക്തമാക്കി. പുടിന് പരിക്കേറ്റിട്ടില്ലെന്നും ക്രെംലിനിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റഷ്യ കൂട്ടിച്ചേര്‍ത്തു.
യുെ്രെക്ന്‍ നടത്തിയത് കരുതിക്കൂട്ടിയുള്ള ഭീകരാക്രമണമാണെന്ന് പറഞ്ഞ റഷ്യ, പ്രസിഡന്റ് പുതിന്റെ ജീവനെടുക്കാനുള്ള ശ്രമമായിരുന്നെന്നും ആരോപിച്ചു. ക്രെംലിന്‍ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകള്‍ എത്തി. അവ വെടിവെച്ചിട്ടു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണസമയത്ത് പരിസരത്ത് പുടിന്‍ ഉണ്ടായിരുന്നില്ലെന്നും റഷ്യക്ക് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍, സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് യുക്രൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രെംലിന്‍ കൊട്ടാരത്തിന്റെ പരിസരത്ത് പുക ഉയരുന്നതിന്റെയും അവിടേക്ക് ഡ്രോണ്‍ എത്തുന്നതിന്റെയും മറ്റും വീഡിയോ റഷ്യന്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.