തിരുവനന്തപുരം- കേരള പോലീസിനെ വെല്ലുവിളിച്ച് ഇന്‍സ്റ്റാഗ്രാമില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ അക്കൗണ്ട്. യുകെ, അമേരിക്ക, യു എ ഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തുമെന്നും ആവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നുമാണ് അക്കൗണ്ടില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച നിരവധി വീഡിയോകള്‍ ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ട് വ്യാജമാണോ അതോ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതാണോയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
സ്വര്‍ണം കടത്തുന്നതിന്റെ രീതിയും ദൃശ്യങ്ങളുമടക്കം ഇരുപതോളം വീഡിയോകള്‍ ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധനസഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടണം, യുകെ, അമേരിക്ക, സൗദി അറേബ്യ, യു എ ഇ, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഒരു വര്‍ഷത്തിലേറെയായി താമസിക്കുന്നവര്‍ ബന്ധപ്പെടണമെന്ന തരത്തിലെ പോസ്റ്റുകളുമുണ്ട്.
14,000ല്‍ അധികം പേരാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നതെങ്കിലും അക്കൗണ്ട് പത്തുപേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. കേരള പോലീസിനെയും മാദ്ധ്യമങ്ങളെയും മാത്രമാണ് ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നത്. വിമാനത്താവളങ്ങള്‍ വഴി കടത്തിയതാണെന്ന് അവകാശപ്പെട്ട് സ്വര്‍ണത്തിന്റെ വീഡിയോകള്‍ പങ്കുവെച്ച് പോലീസിനെയും ഏജന്‍സികളെയും വെല്ലുവിളിക്കുന്നുമുണ്ട്.
പോലീസ് ഈ അക്കൗണ്ട് നിരീക്ഷിച്ചുവരികയാണ്. മലബാര്‍ മേഖലയിലുള്ളവരുടെ ശബ്ദവുമായി വീഡിയോകളിലെ ശബ്ദം സാമ്യമുള്ളതിനാല്‍ മലബാര്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് നടത്തുന്നവരുമായി അക്കൗണ്ടിന് ബന്ധമുണ്ടോയെന്നത് പോലീസ് പരിശോധിച്ചു വരികയാണ്. അക്കൗണ്ടില്‍ കമന്റ് ചെയ്തവര്‍ക്ക് സമ്മാനം നല്‍കിയെന്ന് അക്കൗണ്ടില്‍ പോസ്റ്റുള്ളതിനാല്‍ ഇതും പോലീസ് കണക്കിലെടുത്തിട്ടുണ്ട്. അക്കൗണ്ട് വ്യാജമാണെങ്കില്‍ പോലും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ആളുകളെ തേടുന്ന സമൂഹമാധ്യമ ഇടപെടല്‍ കുറ്റകരമാണെന്ന് പോലീസ് വ്യക്തമാക്കി.