സൗദി അടക്കം എട്ട് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക് ബാധകം
ലഗേജിൽ ലാപ്ടോപ് ഇടുന്നതിന് തടസ്സമില്ല
റിയാദ്- സൗദി അറേബ്യ അടക്കം എട്ട് ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്ന് അമേരിക്കൻ നഗരങ്ങളിലേക്ക് പോകുന്ന യാത്രക്കാർ ലാപ്ടോപ്പും ടാബ്ലറ്റും ഹാന്റ് ബാഗേജിലിട്ട് വിമാനത്തിനകത്ത് കയറ്റുന്നതിന് വിലക്ക്. അമേരിക്കൻ അധികൃതരാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ ലഗേജിൽ ലാപ്ടോപ്പും ടാബ്ലറ്റും കൊണ്ടുപോകുന്നതിന് വിലക്കില്ല.
ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ബാധകമാക്കുന്നതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. സൗദിക്കു പുറമെ ഈജിപ്ത്, കുവൈത്ത്, ജോർദാൻ, ഖത്തർ, യു.എ.ഇ, തുർക്കി, മൊറോക്കൊ എന്നിവയാണ് വിലക്ക് ബാധകമായ മറ്റ് രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നുള്ള 12 വിമാന കമ്പനികളിൽ യാത്ര ചെയ്യുന്നവർക്കു മാത്രമാണ് നിയന്ത്രണം ബാധകം. അമേരിക്കൻ വിമാന കമ്പനികളിൽ യാത്ര ചെയ്യുന്നവർക്ക് വിലക്ക് ബാധകമല്ല.
സൗദിയിൽ ജിദ്ദ, റിയാദ് എയർപോർട്ടുകൾ വഴി അമേരിക്കയിലേക്ക് പോകുന്നവർക്ക് പുതിയ നിയന്ത്രണം ബാധകമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് ആ രാജ്യങ്ങളിലെ പുതിയ വ്യവസ്ഥകളും നടപടികളും അറിയുന്നതിന് യാത്രക്കാർ പതിവായി വിമാന കമ്പനികളുമായി ആശയ വിനിമയം നടത്തണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഈ മാസം 24 മുതലാണ് വിലക്ക് നിലവിൽ വരിക. ബ്രിട്ടനും സമാന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ടു്. എന്നാൽ ഇക്കാര്യം അവർ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.