Sorry, you need to enable JavaScript to visit this website.

യുഎസില്‍ പിടിയിലായ അനധികൃത കുടിയേറ്റക്കാരില്‍ നൂറോളം ഇന്ത്യക്കാരും

വാഷിങ്ടണ്‍- യുഎസ്-മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള വിദേശികളുടെ നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ അമേരിക്ക നടപടി ശക്തമാക്കിയതോടെ പിടിയിലായവരില്‍ നൂറോളം ഇന്ത്യക്കാരും. തെക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരെ രണ്ടു തടങ്കല്‍ കേന്ദ്രങ്ങളിലായാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരിലേറെയും പഞ്ചാബില്‍ നിന്നുള്ളവരാണ്. യുഎസിലെ ന്യു മെക്‌സിക്കോ സംസ്ഥാത്തെ തടങ്കല്‍ കേന്ദ്രത്തില്‍ 45ഓളം ഇന്ത്യക്കാരും ഓറിഗോണിലെ തടങ്കലില്‍ 52 ഇന്ത്യക്കാരുമാണ് കസറ്റഡിയിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. യുഎസിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

എംബസി ഉദ്യോഗസ്ഥര്‍ ഓറിഗോണിലെ തടങ്കല്‍ കേന്ദ്രത്തിലെത്തി ഇന്ത്യക്കാരെ കണ്ടു. ന്യു മെക്‌സിക്കോയിലെ ഇന്ത്യന്‍ തടവുകാരെ ഉടന്‍ സന്ദര്‍ശിക്കും. സാഹചര്യങ്ങല്‍ നിരീക്ഷിച്ചു വരികയാണെന്നും എംബസി അറിയിച്ചു. ന്യൂമെക്‌സിക്കോ തടങ്കലില്‍ ഡസനോളം ഇന്ത്യക്കാര്‍ മാസങ്ങളായി പിടിയില്‍ കഴിഞ്ഞു വരികയായിരുന്നു. ബാക്കിയുള്ളവരെ ഒരാഴ്ച മുമ്പാണ് കുടിയേറ്റ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

കുടിയേറ്റം തടയാനുള്ള പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ വിട്ടു വീഴ്ചയില്ലാത്ത നയം കര്‍ശനമായി നടപ്പിലാക്കിയതോടെ അതിര്‍ത്തിയില്‍ നിരവധി രാജ്യക്കാരായ അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടി തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി യുഎസിലേക്കു കടക്കാന്‍ ശ്രമിച്ച ഇന്ത്യക്കാര്‍ അഭയം തേടിയാണ് യുഎസില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയിലെ അതിക്രമങ്ങളും സംഘര്‍ഷങ്ങളും കാരണമാണ് അഭയം തേടിയിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

അതിര്‍ത്തി വഴി യുഎസിലേക്കു കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിവിധ യുഎസ് ജയിലുകളിലുണ്ടെന്ന്് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ പറയുന്നു. യുഎസിലെ വിവരാവകാശ നിയമപ്രകാരം അസോസിയേഷന്‍ ശേഖരിച്ച കണക്കുകള്‍ പറയുന്നത് അനധികൃതമായി യുഎസ് അതിര്‍ത്തി കടന്നതിനും നിയമവിരുദ്ധമായി രാജ്യത്തു തങ്ങിയതിനും 27,000 ലേറെ ഇന്ത്യക്കാര്‍ പിടിയിലായിട്ടുണ്ടെന്നാണ്. ഇവരില്‍ നാലായിരത്തിലേറെ സ്ത്രീകളും 350 ഓളം കുട്ടികളും ഉള്‍പ്പെടും. ഇവരില്‍ ഭൂരിപക്ഷവും ഇപ്പോഴും തടവില്‍ തന്നെയാണ്. 2013 മുതല്‍ 2015 വരെയുള്ള കണക്കുകളാണിത്.

മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇവരെ അനധികൃതമായി ഇവിടെ എത്തിച്ചതെന്ന് പഞ്ചാബി അസോസിയേഷന്‍ നേതാവ് സത്‌നാം സിങ് ഛാഹല്‍ പറയുന്നു. 35 മുതല്‍ 50 ലക്ഷം രൂപ വരെ വാങ്ങി ആളുകളെ അനധികൃതമായി കടത്തുന്ന സംഘങ്ങള്‍ രാഷ്ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും സഹായത്തോടെ പഞ്ചാബില്‍ സജീവമാണെന്നും അദ്ദേഹം ആരോപിക്കുന്നു. 


 

Latest News