Sorry, you need to enable JavaScript to visit this website.

റിയാദിൽ ചോക്കലേറ്റ് കടകളിൽ കർശന പരിശോധന

റിയാദ് - തലസ്ഥാന നഗരിയിൽ പ്രവർത്തിക്കുന്ന ചോക്കലേറ്റ് കടകളിൽ പെരുന്നാൾ സീസനോടനുബന്ധിച്ച് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും നഗരസഭയും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തി. ഇതിനിടെ 23 സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി. അംഗീകൃത മാനദണ്ഡങ്ങൾക്കും സുരക്ഷാ വ്യവസ്ഥകൾക്കും വിരുദ്ധമായ 59 ചോക്കലേറ്റ് ഉൽപന്നങ്ങളും റെയ്ഡുകൾക്കിടെ കണ്ടെത്തി. 
വിൽപനക്ക് പ്രദർശിപ്പിച്ച ഉൽപന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പെരുന്നാൾ ദിവസങ്ങളിൽ ഉപയോഗം വർധിക്കുന്ന ചോക്കലേറ്റുകൾ വിൽപന നടത്തുന്ന കടകളിൽ പരിശോധനകൾ നടത്തിയതെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ചോക്കലേറ്റുകളിൽ ന്യൂട്രീഷൻ കാർഡ് ഇല്ലാതിരിക്കൽ, അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിൽ ചോക്കലേറ്റുകൾ സൂക്ഷിക്കൽ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ റിയാദിൽ ആകെ 161 ചോക്കലേറ്റ് കടകളിലാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ 317 ഇനം ഉൽപന്നങ്ങളുടെ ഗുണമേന്മ പരിശോധിച്ചു. 
നിയമ വിരുദ്ധ ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്തതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു. ഉൽപന്നങ്ങൾ വാങ്ങുന്നതിനു മുമ്പായി ഉപയോക്താക്കൾ ഉപയോഗ തീയതിയും ഉപയോഗ കാലാവധി തീരുന്ന തീയതിയും ന്യൂട്രീഷൻ വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തണം. ചോക്കലേറ്റ് കടകളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 19999 ൽ ബന്ധപ്പെട്ടോ തമനീ ആപ്പ് വഴിയോ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. 
ചോക്കലേറ്റ് കടകളിലും ഫിത്ർ സക്കാത്ത് വിൽപന കേന്ദ്രങ്ങളിലും വാണിജ്യ മന്ത്രാലയവും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തി. ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനും തൂക്കത്തിൽ നടത്തുന്ന കൃത്രിമങ്ങൾ കണ്ടെത്താനും പ്രൈസ് ടാഗും സ്റ്റിക്കറും പതിക്കാത്തതുമായി ബന്ധപ്പട്ട നിയമ ലംഘനങ്ങൾ കണ്ടെത്താനും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് പരിശോധനകൾ നടത്തിയതെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.
 

Latest News