Sorry, you need to enable JavaScript to visit this website.

സൗദി, ഈജിപ്ത്, മൊറോക്കൊ പുറത്ത്

ബോക്‌സിൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ലൂയിസ് സോറസ് മത്സരത്തിലെ ഏക ഗോളടിക്കുന്നു.
  • പച്ചപ്പട പൊരുതി വീണു

റോസ്റ്റോവ് ഓൺ ഡോൺ - റഷ്യക്കെതിരായ ഉദ്ഘാടന മത്സരത്തിൽനിന്ന് പതിന്മടങ്ങ് മെച്ചപ്പെട്ടെങ്കിലും സൗദി അറേബ്യ തങ്ങളുടെ തുടർച്ചയായ നാലാമത്തെ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടന്നില്ല. തന്റെ നൂറാമത്തെ മത്സരത്തിൽ ലൂയിസ് സോറസ് നേടിയ ഏക ഗോളിൽ ജയിച്ച ഉറുഗ്വായ് ഗ്രൂപ്പ് എ-യിൽ നിന്ന് പ്രി ക്വാർട്ടറിലേക്ക് മുന്നേറി. സൗദി തോറ്റതോടെ റഷ്യയും പ്രി ക്വാർട്ടറിലെത്തി. ഈജിപ്ത് പുറത്തായി. തിങ്കളാഴ്ചത്തെ സൗദി-ഈജിപ്ത് മത്സരം അപ്രസക്തമായി. ഉറുഗ്വായ്-റഷ്യ മത്സരം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കും. ഗ്രൂപ്പ് ബി-യിൽ ഒട്ടനവധി അവസരങ്ങൾ സൃഷ്ടിച്ച ശേഷം പോർചുഗലിനോട് തോറ്റ മൊറോക്കോയുടെ സാധ്യതകളും അവസാനിച്ചു. പോർചുഗലോ സ്‌പെയിനോ ഇറാനോ ആയിരിക്കും പ്രി ക്വാർട്ടറിൽ റഷ്യയുടെയും ഉറുഗ്വായ്‌യുടെയും എതിരാളികൾ.
ഗോൾകീപ്പർ ഉൾപ്പെടെ നാലു പേരെ മാറ്റിയ സൗദി ആദ്യ പകുതിയിൽ കരുത്തരായ എതിരാളികൾക്ക് വെല്ലുവിളി ഉയർത്തി. എന്നാൽ പ്രതിരോധത്തിലെ നേരിയ പാളിച്ച മുതലെടുത്ത് സോറസ് നേടിയ ഗോളിൽ ഉറുഗ്വായ് തുടർച്ചയായ മൂന്നാം തവണ പ്രി ക്വാർട്ടറിലേക്ക് മുന്നേറി. രണ്ടാം പകുതിയിൽ കളി വിരസമായെങ്കിലും പലതവണ സൗദി എതിർപാളയത്തിൽ അപകടം വിതച്ചു. 
റഷ്യക്കെതിരെ അഞ്ചു ഗോൾ വഴങ്ങിയ അബ്ദുല്ല അൽമയൂഫിനെ മാറ്റി മുഹമ്മദ് അൽഉവൈസിനെ ഗോൾവലയുടെ ചുമതല ഏൽപിച്ചു. ആദ്യ പകുതിയിലേറെയും മധ്യനിരയുടെ നിയന്ത്രണം സൗദിക്കായിരുന്നു. സ്റ്റാർടിംഗ് ഇലവനിൽ അവസരം കിട്ടിയ ഹതൻ ബാഹബ്‌രി ഉറുഗ്വായ് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. ഹതന്റെ ഒരു ഷോട്ട് ഉറുഗ്വായ് ഗോളി ഫെർണാണ്ടൊ മുസ്‌ലേര തട്ടിത്തെറിപ്പിച്ചു. ഗോളി മാത്രം മുന്നിൽ നിൽക്കെ മറ്റൊരു ഷോട്ട് ഉയർന്നു പോയി. ഫഹദ് അൽമുവല്ലദും ഒന്നിലേറെ തവണ ഉറുഗ്വായ് ഗോൾമുഖം വിറപ്പിച്ചു. 


ക്രിസ്റ്റ്യൻ റോഡ്രിഗസ് തള്ളിക്കൊടുത്ത പാസിൽ നിന്ന് സോറസ് പറത്തിയ ഇടങ്കാലൻ വെടിയുണ്ട അലി അൽബുലൈഹി തടുത്തിടുകയായിരുന്നു. എന്നാൽ ഇരുപത്തിമൂന്നാം മിനിറ്റിൽ സോറസ് സ്‌കോർ ചെയ്തു. കോർണർ കിക്കിനായി ചാടിയ ഗോൾകീപ്പർ അബ്ദുല്ല അൽഉവൈസിന്റെ കൈകൾക്കിടയിലൂടെ പന്ത് കിട്ടുമ്പോൾ ബോക്‌സിൽ സോറസ് മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു. വലയിലേക്ക് പന്ത് തിരിച്ചുവിടേണ്ട ജോലിയേ സ്‌ട്രൈക്കർക്കുണ്ടായുള്ളൂ. ഉറുഗ്വായ്ക്കു വേണ്ടി സോറസിന്റെ അമ്പത്തിരണ്ടാം ഗോൾ. ലോകകപ്പിൽ ആറാമത്തേതും. മൂന്ന് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യത്തെ ഉറുഗ്വായ് താരമാണ് മുപ്പത്തൊന്നുകാരൻ. സൗദി ജഴ്‌സിയിൽ ഉവൈസിന്റെ രണ്ടാമത്തെ മത്സരമാണ് ഇത്. 
ശക്തമായി തിരിച്ചടിച്ച സൗദി തുടർച്ചയായി ഗോളവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ക്രമേണ ടീം തളർന്നു. നാൽപത്തിനാലാം മിനിറ്റിൽ തൈസീർ അൽജസാം പരിക്കേറ്റു പുറത്തായി. 
രണ്ടാം പകുതിയിൽ സൗദിക്ക് ആ ആവേശം നിലനിർത്താനായില്ല. ഒറ്റപ്പെട്ട സൗദി കുതിപ്പുകളൊഴിച്ചാൽ ഉറുഗ്വായ് കളി നിയന്ത്രിച്ചു. തീർത്തും വിരസമായി മത്സരം മുന്നോട്ടുനീങ്ങി. ഗോളടിച്ചതും ഒരു ഫ്രീകിക്ക് അടിച്ചതുമൊഴിച്ചാൽ സോറസ് മത്സരത്തിലുണ്ടായിരുന്നില്ല. എഡിൻസൻ കവാനിയാണ് സൗദി പ്രതിരോധത്തിന് ഭീഷണിയുയർത്തിയത്. സൗദി പ്രതിരോധം അലക്ഷ്യമായി നിന്ന ഒരവസരത്തിൽ കവാനി തട്ടിയുയർത്തിയ പന്തിൽ കാർലോസ് സാഞ്ചസിന്റെ ഷോട്ട് ലക്ഷ്യം തെറ്റിയത് തലനാരിഴക്കാണ്. 
ഗോളി ഓടിക്കയറവെ ബോക്‌സിൽ നിന്ന് പായിച്ച കവാനിയുടെ മറ്റൊരു ഷോട്ടും പോസ്റ്റിന് പുറത്തുകൂടെ പോയി. 13 മിനിറ്റ് ശേഷിക്കെ ബാഹർബിയെ പിൻവലിച്ച് മുഹമ്മദ് കാനുവിനെ കളിപ്പിച്ച സൗദി കോച്ച് യുവാൻ ആന്റോണിയൊ പിസി അവസാന തുരുപ്പുചീട്ടും ഇറക്കി. രണ്ടു തവണ സൗദി സമനില ഗോളിന്റെ പ്രതീതി സൃഷ്ടിച്ചെങ്കിലും പരിചയസമ്പന്നരായ ജോസെ ജിമെനെസും ഡിയേഗൊ ഗോദിനും കാവൽ നിന്ന ഉറുഗ്വായ് പ്രതിരോധ നിര വലിയ ക്ഷതമില്ലാതെ മത്സരമവസാനിപ്പിച്ചു.  

Latest News