പന്ത് ബോക്‌സിലേക്ക് വരുമ്പോള്‍ സ്വന്തം പോസ്റ്റിലേക്ക് തിരിഞ്ഞുനില്‍ക്കുന്ന സെന്റര്‍ ബാക്ക് ക്രിമിനലാണ്, പറയുന്നത് ഇംഗ്ലണ്ടിന്റെ മികച്ച സെന്റര്‍ബാക്കുകളിലൊരാളായ റിയൊ ഫെര്‍ഡിനാന്റ്.
ലോകകപ്പില്‍ തുനീഷ്യക്കെതിരായ കളി അവസാനം വരെ ഇംഗ്ലണ്ടിന് ആശങ്കാജനകമാക്കിയതിന് കാരണക്കാരന്‍ കയ്ല്‍ വാക്കറായിരുന്നു. വാക്കര്‍ തെറ്റായ രീതിയില്‍ നിന്നതിനാലാണ് ഫഖ്‌റുദ്ദീന്‍ ബിന്‍ യൂസുഫിനെ ഫൗള്‍ ചെയ്യേണ്ടി വന്നതും പെനാല്‍ട്ടി വഴങ്ങിയതും.
ആദ്യ പകുതിയില്‍ ഒട്ടനവധി അവസരങ്ങള്‍ പാഴാക്കിയ ഇംഗ്ലണ്ട് അതുവഴി തീര്‍ത്തും മൃദുവായി സമനില ഗോള്‍ വഴങ്ങി. ആ പെനാല്‍ട്ടിക്കു ശേഷം ഒരു ഷോട്ട് പോലും തുനീഷ്യക്ക് എതിര്‍ ഗോളിലേക്ക് പായിക്കാനായില്ല. ഇംഗ്ലണ്ട് ആക്രമണ നിരന്തരം എതിര്‍പാളയത്തിലേക്ക് പടനയിച്ചെങ്കിലും ഇഞ്ചുറി ടൈം വരെ ഗോള്‍ നേടാനായില്ല. വലിയ മാര്‍ജിനില്‍ ജയിക്കേണ്ടിയിരുന്ന കളി സമനിലയാവാതെ രക്ഷപ്പെട്ടതിന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന് നന്ദി പറയണം.
അവസരങ്ങള്‍ തുലച്ചെങ്കിലും ഹൃദ്യമായിരുന്നു ഇംഗ്ലണ്ടിന്റെ ആക്രമണം. പക്ഷെ വലിയ ടീമുകളെ നേരിടുമ്പോള്‍ പ്രതിരോധം അവര്‍ക്ക് പ്രശ്‌നമാവും. അനുഭവസമ്പത്തില്ലാത്ത ജോണ്‍ സ്‌റ്റോണ്‍സും ഹാരി മഗ്വയറും കയ്ല്‍ വാക്കറുമാണ് പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബെല്‍ജിയത്തെ പോലെ മികച്ച ടീമുകളെ നേരിടുമ്പോഴേക്കും ഇംഗ്ലണ്ട് പിന്‍നിരയില്‍ മാറ്റം വരുത്തുമെന്ന് കരുതാം.