ന്യൂദല്‍ഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക് ഉയര്‍ത്തിയ ഗുരുതര ആരോപണം ഏറ്റുപിടിച്ച് കോണ്‍ഗ്രസ് . പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം മിണ്ടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാല്‍ മാലിക് ' ദി വയര്‍ ' ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2019 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാല്‍ മാലിക്കായിരുന്നു ജമ്മു കശ്മീര്‍ ഗവര്‍ണര്‍. പുല്‍വാമ ആക്രമണത്തിന് കാരണം മോഡി സര്‍ക്കാര്‍ സുരക്ഷയൊരുക്കുന്നതില്‍ വരുത്തിയ വീഴ്ചയും ഇന്റലിജന്‍സ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണെന്നാണ് സത്യപാല്‍ മാലിക് ദ വയറിനോട് പറഞ്ഞത്. ഈ ആരോപണമാണ് കോണ്‍ഗ്രസ് ഏറ്റു പിടിച്ചിരിക്കുന്നത്.
'തുടര്‍ ഭരണത്തിനു വേണ്ടി പുല്‍വാമയില്‍ 40 സൈനികരെ ബലി കൊടുത്തതോ? മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വാക്കുകള്‍ മോഡി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്, കൃത്യമായ പ്ലാനിങ്ങോടുകൂടി നടത്തിയതാണോ ഈ ''വീഴ്ച''?' എന്നീ ചോദ്യങ്ങളോടെയാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തത്. സത്യപാല്‍ മാലിക്കിന്റെ ആരോപണം രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ പങ്കുവെച്ചു. 'പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല' എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.