ജിദ്ദ- സൗദിയിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടാൻ സാധ്യത. ജിദ്ദ അസ്‌ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ മാജിദ് അബൂസാഹിറയാണ് അറബ് മേഖലയിൽ വ്യാപകമായി ഉഷ്ണ കാലം ആരംഭിക്കുമെന്ന പ്രവചനവുമായി രംഗത്തു വന്നത്. ഉഷ്ണകാലം വ്യാഴാഴ്ച ഉച്ചക്ക് 1.07 മുതൽ 93 ദിവസവും 15 മണിക്കൂറും 47 മിനിറ്റും നീണ്ടുനിൽക്കുമെന്നും അബൂസാഹിറ വിശദീകരിച്ചു. അതേസമയം, ശക്തമായ കാറ്റ് അനുഭവപ്പെടാൻ ഇടയുള്ളതിനാൽ റിയാദിൽനിന്ന് കിഴക്കൻ പ്രവിശ്യയിലേക്ക് യാത്ര ചെയ്യുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വിദഗ്ധൻ അബ്ദുൽ അസീസ് അൽഹുസൈനി മുന്നറിയിപ്പ് നൽകി. വരുന്ന ഇരുപത് ദിവസങ്ങളിലായി ചില സന്ദർഭങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.