Sorry, you need to enable JavaScript to visit this website.

പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള നീക്കമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം- രാഹൂല്‍ ഗാന്ധിയെ പോലൊരു ജനകീയ നേതാവിനെ അയോഗ്യനാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ട പാരമ്പര്യത്തിന്റെ തുടര്‍കണ്ണിയാണ് രാഹുല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തെ ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. വീണ്ടും അധികാരത്തിലേറാന്‍ പ്രയാസമുണ്ടെന്ന ഭയപ്പാടില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷ ബഹുമാനമെന്നത് ഇന്ത്യന്‍ രാഷ്ട്രീയം പുലര്‍ത്തിപ്പോന്നിരുന്ന മൂല്യമായിരുന്നു. അതിനെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമപരമായും ജനാധിപത്യപരമായും പോരാടുന്നുണ്ട്.രാഹൂലിനെതിരായ നീക്കം പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് ഗതിവേഗം പകരുമെന്നും രാഹൂല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന ജനാധിപത്യ പോരാട്ടത്തിന് മുസ്്ലിംലീഗ് കരുത്ത് പകരുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം അപകടത്തില്‍- കുഞ്ഞാലികുട്ടി

മലപ്പുറം-രാഹൂലിനെതിരായ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് ബോധ്യപ്പെടുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പീലിന് സമയമുണ്ടായിട്ടും നാല് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച ജനപ്രതിനിധിയെ അയോഗ്യനാക്കിയ നടപടി ഗൂഢാലോചനയാണ്. രാഹൂലിനെ ഭരണകൂടം ഭയക്കുന്നുവെന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ പരമാവധി ശിക്ഷ നല്‍കുന്നു, പിറ്റേദിവസം നടപടിയെടുക്കുന്നു. നീതിന്യായ വ്യവസ്ഥയിലോ രാഷ്ട്രീയത്തിലോ ഇങ്ങനെയൊരു വേഗത ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ ഈ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കി പ്രതിപക്ഷം ഐക്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍ക്കോടതിയില്‍ നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ കേരളവും യു.ഡി.എഫ് എല്‍.ഡി.എഫ്  വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News