ഇടുക്കി- രാസവളത്തിന്റെ തിക്തഫലങ്ങളിൽ നിന്നും നാടിനെ രക്ഷിക്കാൻ ജൈവ പച്ചക്കറി വിളയിച്ച കർഷകന്റെ വിളകൾ വിറ്റഴിക്കാൻ കഴിയാതെ പാടത്ത് തന്നെ നശിക്കുന്നു. മറയൂരിലെ റിട്ട. പോസ്റ്റ്മാൻ സെൽവരാജ് ജൈവരീതിയിൽ ഉത്പാദിപ്പിച്ച കാബേജാണ് വിപണി കിട്ടാതെ ബാധ്യതയായത്. ചില ഇടനിലക്കാർ വാങ്ങാൻ എത്തുന്നുണ്ട്. എന്നാൽ ഇവർ പറയുന്ന വിലക്ക് കൊടുത്താൽ കൂലിയായി നൽകിയ പണം പോലും കിട്ടില്ല.
മറയൂർ മലനിരകളിലെ ആദിവാസി കുടികളിലും കാന്തല്ലൂരിലും മാത്രം വിളഞ്ഞിരുന്ന ശീതകാല പച്ചക്കറികൾ താഴ്‌വാരത്തും വിളയിച്ചെടുക്കാമെന്ന് തെളിയിച്ചാണ് കാബേജ്, കാരറ്റ്, വെളുത്തുള്ളി, ബീൻസ് അടക്കം സെൽവരാജ് ഉത്പാദിപ്പിച്ചത്. മറയൂർ മാശിവയലിൽ വാടകക്ക് താമസിച്ചാണ് പാട്ട ഭൂമികളിൽ കൃഷി ചെയ്തു വരുന്നത്. മൂന്നുമാസത്തിൽ വിളവെടുക്കാവുന്ന പച്ചക്കറികളാണ് ജൈവ രീതിയിൽ കൃഷി ചെയ്തത്. ഇതിന് കൃഷിഭവനിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ യാതൊരു പ്രോത്സാഹനവും ലഭിക്കുന്നില്ല എന്നാണ് സെൽവരാജ് പറയുന്നത്. മറയൂരിൽ കരിമ്പ് ഉൾപ്പെടെയുള്ള തന്നാണ്ട് വിളകൾ മാത്രം കൃഷി ചെയ്തു വരുമ്പോഴാണ് മാസങ്ങൾക്കുള്ളിൽ വിളവെടുക്കാവുന്ന കൃഷികളും ചെയ്യാം എന്ന് ശെൽവരാജ് തെളിയിച്ചത്.
ഒരു കിലോ കാബേജിന് അഞ്ചു മുതൽ പത്തു രൂപ വരെ മാത്രമാണ് ഇടനിലക്കാർ പറയുന്നത്. ജൈവ കൃഷി പ്രോത്സാഹന സന്ദേശങ്ങൾ കേട്ട് കൃഷിക്കിറങ്ങിയ സെൽവരാജ് ഇപ്പോൾ കടക്കണിയിലാണ്. കൃഷി പഠിക്കാൻ വിദേശത്തേക്ക് കർഷകരെ അയക്കുന്ന സർക്കാർ നാട്ടിലെ അധ്വാനിക്കുന്ന കർഷകന്റെ വിയർപ്പിന് വില നൽകണം എന്നാണ് ശെൽവരാജിന്റെ അപേക്ഷ.