Sorry, you need to enable JavaScript to visit this website.

പന്നിയങ്കര ടോൾ: സൗജന്യം അവസാനിപ്പിക്കുന്നു

ഏപ്രിൽ ഒന്നു മുതൽ നാട്ടുകാരും ടോൾ നൽകേണ്ടി വരും

പാലക്കാട്- ദേശീയ പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ പ്രദേശവാസികൾക്ക് നൽകി വരുന്ന സൗജന്യം അവസാനിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ നാട്ടുകാരും ടോൾ നൽകേണ്ടി വരും. ഒരു കൊല്ലം മുമ്പ് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചുവെങ്കിലും ടോൾ ബൂത്തിന്റെ ഇരുപത് കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യ നിരക്കിൽ പാസ് അനുവദിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ആ സൗജന്യം പിൻവലിക്കാനാണ് പിരിവിന്റെ കരാറെടുത്ത കമ്പനിയുടെ തീരുമാനം. മുൻപും പല തവണ പ്രദേശവാസികളുടെ സൗജന്യ യാത്ര അവസാനിപ്പിക്കാൻ ശ്രമം നടന്നുവെങ്കിലും പ്രതിഷേധങ്ങളെത്തുടർന്ന് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്ത് എതിർപ്പുണ്ടായാലും അത് നടപ്പിലാക്കാനാണ് ഇത്തവണ കരാർ കമ്പനിയുടെ തീരുമാനം. വേണ്ടിവന്നാൽ പോലീസിന്റെ സഹായം തേടുമെന്നും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും അധികൃതർ അറിയിച്ചു. 
സൗജന്യം പിൻവലിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കാർ, ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് നിലവിൽ ഒരു വശത്തേക്ക് 105 രൂപയാണ് ടോൾ നിരക്ക്. ഏപ്രിലിൽ അതിലും വർദ്ധന ഉണ്ടാകും. പ്രദേശവാസികൾക്ക് തുടർന്നും ഇളവ് അനുവദിക്കുന്നതിന് ഇടപെടുമെന്ന് രമ്യ ഹരിദാസ് എം.പിയും പി.പി.സുമോദ് എം.എൽ.എയും ആവർത്തിക്കുന്നുണ്ടെങ്കിലും ഒരു ചർച്ചക്കും തയാറല്ലെന്ന നിലപാടിലാണ് കരാർ കമ്പനി. നേരത്തേ ജനപ്രതിനിധികളുടെ സമ്മർദം മൂലമാണ് കമ്പനിയധികൃതർ വിട്ടുവീഴ്ചക്ക് തയാറായിരുന്നത്. സമീപത്തെ മറ്റുള്ള ടോൾ കേന്ദ്രങ്ങളിലേക്കാൾ ഉയർന്ന നിരക്കാണ് പന്നിയങ്കര ടോൾ കേന്ദ്രത്തിൽ ഈടാക്കുന്നത്. വാളയാറിലും തൃശൂർ പാലിയേക്കരയിലും ഇത്ര ഉയർന്ന ടോൾ നൽകുന്നില്ല. കുതിരാൻ തുരങ്ക നിർമാണത്തിന്റെ ചെലവ് കൂടി കണക്കിലെടുത്താണ് പന്നിയങ്കരയിൽ ടോൾ നിശ്ചയിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
നിർമാണ പ്രവർത്തനങ്ങൾ തീരുന്നതിനു മുമ്പ് ടോൾ പിരിക്കുന്നത് ഗുരുതരമായ തെറ്റാണ് എന്ന വിമർശനവും പ്രദേശവാസികൾ ഉയർത്തുന്നു. കുതിരാൻ ഇടതു തുരങ്കത്തിനുള്ളിൽ മേൽഭാഗത്ത് സുരക്ഷക്കായുള്ള ഗ്യാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയായിട്ടില്ല. വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം പൂർത്തീകരിക്കാനുണ്ട്. പന്നിയങ്കര, ശങ്കരംകണ്ണം തോട്, നീലിപ്പാറ എന്നിവിടങ്ങളിൽ സർവീസ് റോഡ് നിർമിച്ചിട്ടില്ല. ചുവട്ടുപാടം, വാണിയമ്പാറ, വഴുക്കുംപാറ മേൽപാലം, താണിപ്പാടം, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണം. ദേശീയ പാതയിൽ ലോറികൾ നിർത്തിയിടരുത്. ലോറികൾക്ക് പാർക്ക് ചെയ്യാൻ വടക്കഞ്ചേരിക്കും മണ്ണുത്തിക്കുമിടയിൽ രണ്ടിടത്തെങ്കിലും പാർക്കിംഗ് കേന്ദ്രങ്ങൾ വേണമെന്നാണ് കരാറിലെ ധാരണ. അതും പാലിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം പൂർത്തീകരിക്കുന്നത് വരെ പന്നിയങ്കരയിൽ ടോൾ പിരിവ് തന്നെ നിയമ വിരുദ്ധമാണ് എന്നാണ് നാട്ടുകാരുടെ വാദം

Latest News