ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ സംഘം വളരെ വലുതാണ്. കുടുംബവും സുഹൃത്തുക്കളും സുരക്ഷ ജീവനക്കാരുമൊക്കെയായി അത് വലിയൊരു വൃത്തമാണ്. റിയാദിലെ ഫോർ സീസൺ ഹോട്ടലിൽ ക്രിസ്റ്റ്യാനോക്കും സംഘത്തിനും താമസിക്കാൻ വാടകക്കെടുത്തത് 17 മുറികളാണ്. അന്നസ്‌റിൽ ചേരാൻ റിയാദിലെത്തിയ ശേഷം ആഡംബര വീട്ടിലേക്ക് മാറുന്നതുവരെ ഫോർ സീസൺ ഹോട്ടലിലാണ് സംഘം താമസിച്ചത്.
ക്രിസ്റ്റ്യാനോയുടെ സുരക്ഷ ജീവനക്കാരിലൊരാൾ മുൻ മിക്‌സഡ് മാർഷ്യൽ ആർട്‌സ് പോരാളി ഗോൺസാലൊ സാൽഗാഡോയാണ്. സെർജിയൊ റാമലീറൊ, ജോർജെ റാമലീറൊ എന്നീ ഇരട്ടകളും സുരക്ഷ സംഘത്തിലുണ്ട്. അഫ്ഗാനിസ്ഥാനിൽ സ്‌പെഷ്യൽ ഫോഴ്‌സ് സായുധ സേനയുടെ ഭാഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് ഇരുവരും.
തന്റെ സ്വകാര്യ ജീവിതത്തിന്റെ വിശദാംശങ്ങൾ പുറത്തു പോകരുതെന്ന് അതീവ ജാഗ്രതയുള്ള ആളാണ് ക്രിസ്റ്റ്യാനോ. അതുകൊണ്ട് അടുപ്പമുള്ളവരെല്ലാം വിശ്വസ്തരായിരിക്കണമെന്നതിൽ താരം നിർബന്ധ ബുദ്ധി കാണിക്കുന്നു. ഏതാനും വർഷം മുമ്പ് ജർമനിയിലെ ദെർ സ്പീഗൽ ആ രഹസ്യ വൃത്തത്തിലേക്ക് നുഴഞ്ഞുകയറിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ജീവനക്കാർ ഒപ്പിടേണ്ട ഒരു കരാർ അവർ വെളിപ്പെടുത്തി. വളരെ വിചിത്രമാണ് ഈ കരാർ.
കരാറിന് ചുരുങ്ങിയത് 70 വർഷത്തെ പ്രാബല്യമുണ്ട്. ക്രിസ്റ്റ്യാനോയോ അടുത്ത ബന്ധുക്കളോ മരണപ്പെട്ട് 70 വർഷം വരെ താരത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച ഒന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ കരാറിൽ ജീവനക്കാർ എഴുതി ഒപ്പിടേണ്ടത്. അടുത്ത ബന്ധുക്കൾ എന്നതിൽ അഞ്ചു മക്കളും ഉൾപ്പെടും. ക്രിസ്റ്റ്യാനൊ ജൂനിയർ, ഇരട്ടകളായ ഈവ, മാറ്റിയൊ, അലാന മാർടിന, ബെല്ല എന്നിവർ. ഒപ്പം ക്രിസ്റ്റ്യാനൊ ജൂനിയറിന്റെ മാതാവുമുണ്ട്. അവർ ആരാണെന്ന് ഇതുവരെ ആർക്കും കണ്ടെത്താനായിട്ടില്ല. ഈവയും മാറ്റിയോയും വാടക ഗർഭപാത്രത്തിലാണ് ജനിച്ചത്.
അലാന മാർടിനയെയും ബെല്ലയെയും പ്രസവിച്ചത് ഇപ്പോഴത്തെ ജീവിത പങ്കാളി ജോർജിന റോഡ്രിഗസാണ്. എയ്ഞ്ചൽ എന്നു പേരിട്ട ആൺകുട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രസവ സമയത്ത് തന്നെ മരണപ്പെട്ടത് ക്രിസ്റ്റ്യാനോയെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
അന്നസ്‌റിൽ വർഷം പതിനേഴരക്കോടി പൗണ്ടാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ പ്രതിഫലം പറ്റുന്നത്. മറ്റൊരു ഫുട്‌ബോൾ താരത്തിനും ലഭിച്ചിട്ടില്ലാത്ത ശമ്പളം. എന്നിട്ടും പാചകത്തിന് പറ്റിയ ഒരാളെ കണ്ടെത്താൻ പാടുപെടുകയാണ് താരം.
ക്രിസ്റ്റ്യാനോയും ജോർജിനയും അടുത്ത ജൂണിൽ സ്വപ്‌ന ഭവനത്തിലേക്ക് ചേക്കേറുകയാണ്.
1.7 കോടി പൗണ്ട് ചെലവിട്ടാണ് ഭവനം ഒരുങ്ങുന്നത്. അവിടെയാണ് പാചകത്തിന് ആളെ വേണ്ടത്. മാസം 4500 പൗണ്ട് പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞിട്ടും ആളെ കിട്ടിയിട്ടില്ല.
പോർചുഗീസ് ഭക്ഷണത്തിനൊപ്പം ഇന്റർനാഷനൽ ഐറ്റങ്ങളായ സുഷി തുടങ്ങിയ വിഭവങ്ങളിലും വൈദഗ്ധ്യം വേണമെന്നതാണ് ആളെ കിട്ടാൻ പ്രയാസമുണ്ടാക്കുന്നത്.