കൊച്ചി- കോടികൾ ചെലവഴിച്ചിട്ടും മാലിന്യ സംസ്‌കരണം കൃത്യമായി നടക്കാത്തതും കരാറിൽ അഴിമതിയുണ്ടെന്ന ആക്ഷേപവും ഇതേച്ചൊല്ലിയുള്ള അന്വേഷണങ്ങളും ബ്രഹ്മപുരത്തെ തീപ്പിടിപ്പിക്കുന്നു. കോടികൾ മുടക്കി പ്ലാന്റുകൾ നിർമിച്ചിട്ടും ബ്രഹ്മപുരത്ത് കുന്നുകൂടിയ മാലിന്യത്തിൽ നിന്ന് ഒരു തരി കുറഞ്ഞില്ലെന്ന ചർച്ചയാണ് തീപ്പിടിത്തത്തിന് പിന്നാലെ സജീവമായത്. അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിനുള്ള കരാർ നൽകിയ കമ്പനിക്ക് കരാർ കാലാവധി കഴിഞ്ഞിട്ടും കാര്യമായൊന്നും ചെയ്യാൻ കഴിയാതെ വന്നതോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീയിടുകയായിരുന്നുവെന്ന ആരോപണമാണ് അന്തരീക്ഷത്തിലുള്ളത്.
സി.പി.എമ്മിന്റെ മുതിന്ന നേതാവായ വൈക്കം വിശ്വന്റെ മരുമകനാണ് ഈ കരാറുകാരനെന്നതും വിവാദങ്ങൾക്ക് പുതിയ മാനം നൽകുകയാണ്. മിനിമം യോഗ്യതയില്ലാത്ത ഈ കമ്പനിക്ക് കരാർ നൽകിയത് നഗരസഭക്ക് നൽകിയ പാളിച്ചയായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ബ്രഹ്മപുരത്ത് പുകഞ്ഞു കത്തുന്നത് മാലിന്യങ്ങൾ മാത്രമല്ലെന്നും കൊച്ചിൻ കോർപറേഷന്റെയും സി.പി.എമ്മിന്റെയും അഴിമതി കൂടിയാണെന്നും കോൺഗ്രസ് ആരോപിച്ചു. ആസൂത്രിതമായ തീപ്പിടിത്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മേയർ രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ശാസ്ത്രീയമായി സംസ്‌കരിച്ചു നീക്കാനായി ബയോമൈനിംഗ് നടത്താൻ കോർപറേഷൻ വൻതുക ചെലവിട്ടിട്ടും മാലിന്യത്തിന്റെ വലിയ അളവിൽ എന്തുകൊണ്ടു കുറവു വന്നില്ലെന്ന ചോദ്യം ഓരോ കൊച്ചിക്കാരനും ഉന്നയിക്കുന്നുണ്ട്. ഒന്നര പതിറ്റാണ്ടിനിടയിൽ മാലിന്യ സംസ്‌കരണത്തിന് വേണ്ടി അധികൃതർ 100 കോടിയിൽപരം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. എന്നിട്ടും ആരംഭ കാലം മുതൽ നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂറ്റൻ കൂമ്പാരം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെന്നാണ് പ്രധാനമായി ഉയരുന്ന ആരോപണം. 2008 ഏപ്രിൽ 20 ന് പ്രവർത്തനം തുടങ്ങിയ മാലിന്യ കേന്ദ്രത്തിലേക്ക് കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശ്ശേരി, ആലുവ, അങ്കമാലി എന്നീ അഞ്ച് നഗരസഭകളിൽ നിന്നും ചേരാനെല്ലൂർ, കുമ്പളങ്ങി, വടവുകോട് - പുത്തൻകുരിശ് എന്നീ മൂന്ന് പഞ്ചായത്തുകളിൽ നിന്നുമാണ് മാലിന്യമെത്തുന്നത്.
120 ടിപ്പർ ലോറികളിലായി 500 ടണ്ണോളം മാലിന്യങ്ങളാണ് ദിവസേന ഇവിടേക്കെത്തുന്നത്. 2021 ൽ ഡ്രോൺ സർവേ പ്രകാരം നടത്തിയ കണക്ക് പ്രകാരം 4.55 ലക്ഷം ഘനമീറ്ററാണ് ഇവിടെ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ കണക്ക്. അതിന് ശേഷം എത്ര അളവിലാണ് മാലിന്യമുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കില്ലെന്നാണ് അധികൃതർ പറയുന്നത്. രണ്ട് മാസത്തിലേറെയായി ജൈവ മാലിന്യ സംസ്‌കരണം ബ്രഹ്മപുരത്ത് നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ കരാറേറ്റെടുത്ത കമ്പനിയുടെ കരാറിന്റെ കാലാവധി കഴിഞ്ഞ സെപ്റ്റംബറിൽ അവസാനിച്ചിരുന്നു. പ്ലാന്റ് നടത്തിപ്പിന് ടെണ്ടർ പുരോഗമിക്കവേ പ്ലാസ്റ്റിക് മാലിന്യത്തിന് തീപ്പിടിച്ച സാഹചര്യം അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരേസമയം തീപടരുന്നതിന്റെ പിറകിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വെടിമരുന്നു പോലെയുള്ള എന്തോ വസ്തു വിട്ട് തീക്കൊളുത്തി എന്ന സംശയമാണ് ഇവർ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളുന്നയിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഇന്നലെ മാലിന്യവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ചേംബറിലേക്ക് ഇടിച്ചുകയറിയത് സംഘർഷത്തിനിടയാക്കി. ഒരു മണിക്കൂറോളം ഓഫീസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
മാലിന്യ കൂമ്പാരത്തിലെ തീപ്പിടിത്തത്തിനുള്ള കാരണങ്ങൾ, അതിനു പിന്നിലുള്ള ഗൂഢാലോചനകൾ, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണക്കുന്നതിന് ശ്രമിക്കാതിരുന്നതിനുള്ള കാരണങ്ങൾ എന്നിവ ഉന്നതതലത്തിൽ അന്വേഷിക്കാൻ സർക്കാർ ഉത്തരവിറക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)