മക്ക- കഅബയുടെ ദിശ കൃത്യമായി കാണാൻ കഴിയുന്ന തരത്തിൽ ഇന്ന് രാത്രി ചന്ദ്രൻ വിശുദ്ധ കഅബയുടെ നേർലംബത്തിൽ വരും.
സൗദി സമയം അനുസരിച്ച് ഇന്നു (മാർച്ച്4 ശനി) രാത്രി 10.45 നാണ് ഈ അപൂർവ്വ പ്രതിഭാസം സാധ്യമാകുന്നതെന്ന് സൗദി ഗോള ശാസ്ത്ര പണ്ഡിതൻ എൻജിനീയർ മാജിദ് അബൂ സാഹിറ പറഞ്ഞു. ഈ വർഷത്തിൽ ഒരു പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രതിഭാസമാണിത്. പരിശുദ്ധ കഅബയുടെ സ്ഥാനം ഭൂഗോളത്തിൽ നിന്നെവിടെ നിന്നും സാങ്കേതിക വിദ്യകളുടെ സഹായമൊന്നുമില്ലാതെ കൃത്യതയോടെയും ലളിതവുമായി നിശ്ചയിക്കാൻ കഴിയുന്ന മാർഗമാണിത്. കഅബയുടെ നേർരേഖയിൽ നിന്ന് ഒരു ഡിഗ്രിയോ അര ഡിഗ്രിയോ മാറിയായിരിക്കും ചന്ദ്രനുണ്ടായിരിക്കുകയെന്നതിനാൽ മക്കയുടെ സമീപ പ്രദേശങ്ങളായ ജിദ്ദ, തായിഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ഈ രീതി അവലംഭിച്ചു കഅബയുടെ ദിശ കണ്ടെത്തുന്നത് കൃത്യമായിരിക്കില്ല. 10.45 ഓടെ മക്കയുടെ മുകളിൽ 89.5 ഡിഗ്രിയിലെത്തുന്ന ചന്ദ്രന് 93 ശതമാനം പ്രകാശമുണ്ടായിരിക്കും.