Sorry, you need to enable JavaScript to visit this website.

അച്ഛന്റെ മരണത്തിന്റെ വേദന തീരുംമുമ്പേ അർജുനും യാത്രയായി; തീരാദുഖത്തിൽ കുടുംബം

കാലടി- വീടിന്റെ താങ്ങും തണലും ആയിരുന്ന അച്ഛന്റെ മരണത്തിന്റെ ദുഃഖവും വേദനകളും മാറും മുമ്പേ മകന്റെ മരണം കുടുംബത്തെയും നാടിനെയും ഒരുപോലെ സങ്കടത്തിലാഴ്ത്തി. ഇടുക്കി മാങ്കുളത്തിന് സമീപം ആനക്കുളം വലിയപാറക്കുട്ടിയിലെ നല്ലതണ്ണിയാർ പുഴയിൽ മുങ്ങി മരിച്ച മൂന്നു പേരിൽ ഒരാളായ അർജുൻ ഷിബിയുടെ അച്ഛൻ ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. സൗത്ത് വെള്ളാരപ്പിള്ളിയിലെ റൈസ് മില്ലിലെ ജോലിക്കാരനായിരുന്ന ഷിബു ആസ്ബറ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ താഴെ വീണ് പരിക്ക് പറ്റി  ചികിത്സയിലിരിക്കെ ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ഇടുക്കി മടുക്കുങ്കൽ പരേതനായ ഗോപിനാഥൻ നായരുടെ മകനായ ഷിബു കാലടി മാണിക്യ മംഗലത്താണ് താമസം. അച്ഛന്റെയും മകന്റെയും മരണം അമ്മ ജിഷയെയും ഇളയ സഹോദരി അപർണ്ണയെയും തളർത്തി. പഠിക്കാൻ ഏറെ മിടുക്കനായിരുന്ന കുടുംബത്തിന്റെ താങ്ങും തണലും ആകും എന്ന് പ്രതീക്ഷയുണ്ടായിരുന്ന അർജ്ജുൻ നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.  മരണ വാർത്ത മാണിക്യ മംഗലം പ്രദേശത്തെ ഏറെ ദു:ഖത്തിലാഴ്ത്തി.
അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർഥികളാണ് ഇടുക്കിയിൽ അപകടത്തിൽപ്പെട്ടത്. കാലടി മാണിക്യമംഗലം മടുക്കാങ്കൽ പരേതനായ എം ജി ഷിബുവിന്റെ മകൻ അർജുൻ ഷിബു(15), അയ്യമ്പുഴ കൊള്ളാട്ടുകുടി കെ ജെ ജോബിയുടെ മകൻ ജോയൽ ജോബി(15), തുറവൂർ കൂരാൻ വീട്ടിൽ ബസി ചെറിയാന്റെ മകൻ റിച്ചാർഡ് ബസി(15) എന്നിവരാണ് മരിച്ചത്. അമൽ മാത്യു, ഓസ്റ്റിൻ സ്റ്റീഫൻ എന്നിവർ ഇവർക്കൊപ്പം കയത്തിൽ വീണെങ്കിലും രക്ഷപ്പെടുത്തി. എല്ലാവരും സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്.
വ്യാഴാഴ്ച രാവിലെയാണ് സ്‌കൂളിൽ നിന്ന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ 8, 9 ക്ലാസുകളിൽ പഠിക്കുന്ന 30 കുട്ടികൾ ഉൾപ്പെടെ 33 അംഗ സംഘം വിനോദ സഞ്ചാരത്തിനായി മാങ്കുളം ആനക്കുളത്ത് എത്തിയത്. തുടർന്ന് മൂന്നു ട്രക്കിംഗ് ജീപ്പുകളിലായി സംഘം വലിയപാറക്കുട്ടിയിൽ എത്തി പുഴയിൽ ഇറങ്ങി. 
പരന്നൊഴുകുന്ന വെള്ളത്തിൽ കളിക്കുന്നതിനിടെ 5 കുട്ടികൾ ഇതിന് സമീപത്തുള്ള കയത്തിൽ അകപ്പെട്ടു. ഇതിൽ 2 പേരെ ജീപ്പിൽ ഉണ്ടായിരുന്നവരും മറ്റും ചേർന്ന് രക്ഷപ്പെടുത്തി. തുടർന്ന് 3 പേരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മൂന്നാർ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 
ഈ മേഖലയിൽ രണ്ടാഴ്ചക്കിടെ ഉണ്ടായത് അഞ്ച് മുങ്ങി മരണങ്ങളാണ്. കെഎസ്ഇബിയിലെ കരാർ ജീവനക്കാരനായ എൻജീനീയറും കുടുംബത്തോടൊപ്പം എത്തിയ വിദ്യാർഥിയുമാണ് മരിച്ചത്. ഇത്രയും ദുരന്തങ്ങളുണ്ടായിട്ടും ഇവിടെ ഒരു മുന്നറിയിപ്പ് ബോർഡ് പോലും അധികൃതർ സ്ഥാപിച്ചിട്ടില്ല.
 

Latest News