ന്യൂദല്‍ഹി- ലോകത്തേറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന മേസേജിങ് അപ്ലിക്കേഷനായ വാട്‌സാപ്പിനെ വെല്ലാന്‍ ഇന്ത്യയുടെ സ്വന്തം സ്വദേശി ആപ്പെന്ന് പേരിട്ടു വിളിച്ച് പതജ്ഞലി ഉടമ ബാബ രാംദേവ് അവതരിപ്പിച്ച മെസേജിങ് ആപ്പ് അമേരിക്കന്‍ കമ്പനിയുടേതെന്ന് വ്യക്തമായി. കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനി രണ്ടു വര്‍ഷം മുമ്പ് വിപണിയിലിറക്കിയ ബോലോ ചാറ്റ് എന്ന മെസേജിങ് ആപ്പിനെ പുതിയ പേരിട്ട് റീബ്രാന്‍ഡ് ചെയ്ത് അവതരിപ്പിച്ചതാണ് രാംദേവിന്റെ കിംഭോ ആപ്പ്. കാലിഫോര്‍ണിയിലെ ഫ്രെമോന്റിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഉണ്ടാക്കിയതാണ് ഈ ആപ്പ്്.
കള്ളിപൊളിഞ്ഞതോടെ കിംഭോ ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുകയാണ്. എന്നാല്‍ ആപ്പഌന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാണെന്ന് സംഭവം പുറത്തു കൊണ്ടു വന്ന ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ വ്യക്തമാക്കുന്നു. ഐ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത പരിശോധിച്ചപ്പോള്‍ കിംഭോ ആപ്പിന്റെ പല വിന്‍ഡോകളിലും ഇപ്പോഴും ബോലോ ആപ്പ് എന്ന ബ്രാന്‍ഡ് പേര് കാണാം. തട്ടിപ്പ് വെളിച്ചത്തായതോടെ കിംഭോ ആപ്പിന്റെ വെബ്‌സൈറ്റും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. കിംഭോ ആപ്പിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ബോലോ ചാറ്റ് ആപ്പിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ട്.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും കിംഭോ ആപ്പിന്റെ നിര്‍മ്മാതാക്കള്‍ അപ്പഡിയോസ് ഇന്‍ക് എന്ന കമ്പനിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ബോലോ ചാറ്റും ഇതേ കമ്പനിയുടെ പേരിലാണ് പലയിടത്തും കണ്ടെത്തിയത്. സുമിത് കുമാര്‍, അദിതി കമല്‍ എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ കമ്പനിയാണിത്. സുമിതിന്റെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ പറയുന്നത് ഹൈക്ക്, ഗൂഗ്ള്‍ എന്നീ കമ്പനികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്നൂവെന്നാണ്. ഇരുവരും സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ഇപ്പോള്‍ ഉള്ളത്.