റിയാദ്- വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതിക്ക് സൗദി അറേബ്യ സാക്ഷ്യംവഹിക്കുകയാണെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പറഞ്ഞു. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി. വിഭവങ്ങളുടെ വൈവിധ്യവല്‍ക്കരണം, സാമ്പത്തിക ഉണര്‍വ് അടക്കം അനുകൂലമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വളര്‍ച്ചാ വെല്ലുവിളികള്‍ അഭിമുഖീകരിക്കാനാണ് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനം സംഘടിപ്പിക്കുന്നത്.
നിലവിലെ സ്ഥിതിഗതികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്. ഒരുകൂട്ടം നയങ്ങള്‍ സര്‍ക്കാര്‍ മുന്‍കൂട്ടി നടപ്പാക്കിയതിലൂടെ വെല്ലുവിളികളുടെ പ്രത്യാഘാതങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിഞ്ഞു. പ്രാദേശിക, അന്താരാഷ്ട്ര പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള സാമ്പത്തിക, ധന വളര്‍ച്ച കഴിഞ്ഞ വര്‍ഷം കൈവരിക്കാന്‍ രാജ്യത്തിനു സാധിച്ചു.
സുസ്ഥിര സാമ്പത്തിക വളര്‍ച്ച ശക്തമാക്കാനും ജീവിത ഗുണമേന്മ ഉയര്‍ത്താനും പ്രചോദകമായ പ്രോഗ്രാമുകളും പദ്ധതികളും നടപ്പാക്കി ഘടനാപരമായ സമഗ്ര പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ കൈവരിക്കാനും കൂടുതല്‍ തൊഴിലവലസരങ്ങള്‍ സൃഷ്ടിക്കാനും അടിസ്ഥാന, സാമൂഹിക സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും സ്വകാര്യ മേഖലയുടെ പങ്ക് വര്‍ധിപ്പിക്കാനും പ്രാദേശിക ഉള്ളടക്കവും വ്യവസായവും ശക്തിപ്പെടുത്താനും രാജ്യത്തിന്റെ ധനസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ശ്രമമെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം, സൗദിയില്‍ നിഴല്‍ സമ്പദ്‌വ്യവസ്ഥാ അനുപാതം പതിനഞ്ചു ശതമാനത്തിനടുത്താണെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ അല്‍ഇബ്രാഹിം പറഞ്ഞു. വികസിത രാജ്യങ്ങളിലെ അനുപാതത്തിന് ഏറെക്കുറെ സമമാണിത്. രാജ്യത്ത് നിഴല്‍ സമ്പദ്‌വ്യവസ്ഥാ അനുപാതം തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇ-ഇന്‍വോയ്‌സ് നടപ്പാക്കല്‍, വിദേശ തൊഴിലാളികളുമായുള്ള തൊഴില്‍ കരാര്‍ ബന്ധം ക്രമീകരിക്കല്‍ എന്നിവയെല്ലാം രാജ്യത്ത് നിഴല്‍ സമ്പദ്‌വ്യവസ്ഥ കുറക്കാന്‍ സഹായിച്ച ഘടകങ്ങളാണ്. നിഴല്‍ സമ്പദ്‌വ്യവസ്ഥ ഇല്ലാതാക്കുന്നത് മൊത്തം ആഭ്യന്തരോല്‍പാദനത്തിലെ വര്‍ധന, കൂടുതല്‍ ധനശേഷി, മത്സരക്ഷമത വര്‍ധിപ്പിക്കല്‍, നിക്ഷേപ ആകര്‍ഷകത്വം മെച്ചപ്പെടുത്തല്‍ എന്നിവ അടക്കം നിരവധി നേട്ടങ്ങള്‍ നല്‍കുമെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)