ടാപ്പിങ് സീസൺ അടുത്തതോടെ റബർ വില ഉയരാൻ തുടങ്ങി. എങ്കിലും തോട്ടം മേഖലയിലെ മാന്ദ്യം വ്യവസായികളെ അസ്വസ്ഥരാക്കുന്നു. ഷീറ്റ് വില ഉയർത്തി ഉൽപാദകരിൽ ആവേശം സൃഷ്ടിക്കാനുള്ള തന്ത്രങ്ങൾ ടയർ ലോബി കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ നാലാം ഗ്രേഡ് റബറിന് 700 രൂപ കമ്പനികൾ ഉയർത്തിയെങ്കിലും ഇത് ഉൽപാദന മേഖലയിൽ ചലനമുളവാക്കിയില്ല. വാരാവസാനം 12,900 രൂപ മികച്ചയിനം ഷീറ്റിന് രേഖപ്പെടുത്തി. എന്നാൽ ഈ വിലക്കും കാര്യമായി ഷീറ്റ് സംഭരിക്കാൻ അവർക്കായില്ല. അഞ്ചാം ഗ്രേഡ് 12,400 ൽ നിന്ന് 12,700 രൂപയായി. ലാറ്റക്‌സ് ക്ഷാമം രൂക്ഷമായതോടെ ചെറുകിട വ്യവസായികൾ നിരക്ക് 9000 വരെ ഉയർത്തി. ലാറ്റക്സ് 10,000 ലേക്ക് അടുത്താൽ സ്വാഭാവികമായും റബർ ടാപ്പിങിന് ചെറുകിട കർഷകർ താൽപര്യം കാണിക്കും.
ടോക്കോമിൽ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന റേഞ്ചിലേക്ക് റബർ മുന്നേറി. കിലോ 200 യെന്നിലേക്ക് ഉയർന്ന റബറിന് പക്ഷേ അധിക നേരം ഈ റേഞ്ചിൽ പിടിച്ചു നിൽക്കാനായില്ല. അധികോൽപാദനത്തെ കുറിച്ചുള്ള ആശങ്കകൾ ഈ അവസരത്തിൽ ഒപ്പറേറ്റർമാരെ റബറിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. ഇതിനിടയിൽ ക്രൂഡ് ഓയിൽ വിലയുണ്ടായ ചാഞ്ചാട്ടവും റബറിനെ സാധിനീച്ചു.
നാളികേരോൽപ്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. മഴക്ക് മുമ്പായി കൊപ്ര സംസ്‌കരിക്കുന്ന തിരക്കിലാണ് ഒരു വിഭാഗം കർഷകർ. വിളവെടുപ്പ് പൂർത്തിയാക്കി അവർ തേങ്ങ വെട്ടിൽ ശ്രദ്ധചെലുത്തിയത് ഗ്രാമീണ മേഖലകളിൽ നിന്നുള്ള ഉൽപ്പന്ന നീക്കം കുറച്ചു. പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വിൽപ്പന അടുത്ത വാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്. വെളിച്ചെണ്ണ 17,900 രൂപയിലും കൊപ്ര വില 11,925 രൂപയിലുമാണ്.
ശ്രീലങ്കൻ കുരുമുളക് വീണ്ടും ഭീഷണിയാവുമെന്ന സുചനകൾ പരത്തി ഉൽപ്പന്ന വില ഇടിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തി. കേരളത്തിലെ കർഷകരും സ്‌റ്റോക്കിസ്റ്റുകളും ചരക്ക് നീക്കത്തിൽ വരുത്തിയ കടുത്ത നിയന്ത്രണം ഈ അവസരത്തിൽ ഉൽപ്പന്നത്തിന് കരുത്തായി. ഉത്തരേന്ത്യൻ വാങ്ങലുകാർ ഈ അവസരത്തിൽ കുരുമുളകിൽ കാണിച്ച താൽപര്യം വിപണി നേട്ടമാക്കി. കൊച്ചി മാർക്കറ്റിലേയ്ക്ക് ഹൈറേഞ്ച്, വയനാടൻ മുളക് വരവ് കുറഞ്ഞ അളവിലാണ്. വരും മാസങ്ങളിലെ ഉത്സവകാല ഡിമാന്റ് മുന്നിൽ കണ്ട് കേരളത്തിലെയും കർണാടകത്തിലെയും സ്‌റ്റോക്കിസ്റ്റുകൾ ഉയർന്ന വിലയെ ഉറ്റ്‌നോക്കുകയാണ്.
യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മുല്യം 67.48 ലേയ്ക്ക് ഇടിഞ്ഞത് ഇറക്കുമതിക്കാരെ രംഗത്ത് നിന്ന് താൽക്കാലികമായി പിൻതിരിപ്പിക്കും. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 500 രൂപ ഉയർന്ന് 36,800 രൂപയായി. ഗാർബിൾഡ് 38,800 രൂപയിലുമാണ്.
ഏലക്ക വില ഉൽപാദകരുടെ പ്രതീക്ഷക്ക് ഒത്ത് ഇനിയും ഉയർന്നില്ല. പതിവ് പോലെ വാരത്തിന്റെ തുടക്കത്തിൽ കുത്തനെ ഇടിഞ്ഞ ശേഷം പിന്നീട് നിരക്ക് ഉയരുന്ന പ്രവണത ഉൽപ്പന്നം ആവർത്തിച്ചു. ഓഫ് സീസണിൽ ഏലക്ക കരുത്ത് കാണിക്കുമെന്ന കണക്ക് കൂട്ടലിലാണ് സ്‌റ്റോക്കിസ്റ്റുകൾ. വാരത്തിന്റെ തുടക്കത്തിൽ ശാന്തൻപാറയിൽ കിലോ 1048 രൂപയിലേയ്ക്ക് ഇടിഞ്ഞ ഏലക്ക പിന്നീട് അൽപ്പം മെച്ചപ്പെട്ട് 1266 രൂപയായി. കയറ്റുമതിക്കാർക്ക് ആവശ്യമായ വലിപ്പം കൂടി ഇനങ്ങളുടെ ലഭ്യത കുറവാണ്. ആഭ്യന്തര വാങ്ങലുകാർ ലേല േകന്ദ്രങ്ങളിൽ സജീവമാണ്.
ചുക്ക് വിലയിൽ പിന്നിട്ടവാരം മാറ്റമില്ല. കൊച്ചിയിൽ ചുക്കിന്റെ ലഭ്യത ചുരുങ്ങിയെങ്കിലും വില ഉയർത്താൻ കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും കഴിഞ്ഞ ദിവസങ്ങളിൽ തയ്യാറായില്ല. മൺസൂൺ ഉത്തരേന്ത്യയിൽ സജീവമാക്കുന്ന അവസരത്തിൽ വൻ ഓർഡറുകൾക്ക് സാധ്യതയുണ്ട്.
കേരളത്തിൽ സ്വർണ വില ചാഞ്ചാടി. വാരാരംഭത്തിൽ 23,120 രൂപയിൽ വ്യാപാരം നടന്ന പവൻ 23,280 വരെ കയറിയെങ്കിലും ശനിയാഴ്ച്ച 23,200 രൂപയിലുമാണ്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് സ്വർണം 1301 ഡോളർ.