ഗുണ്ടകൾക്കു പിന്നാലെ പോലീസും എക്‌സൈസും
കോട്ടയം- ഗുണ്ടാഭീഷണിക്കു പിന്നാലെ പോലീസും എക്‌സൈസും വിരട്ടിയതോടെ പ്രവാസി മലയാളി തീർത്തും വെട്ടിലായി. ആറുമാനൂർ ഇല്ലത്തുപറമ്പിൽ ജോർജ് വർഗീസ് തന്റെ മൂക്കൻസ് മീൻചട്ടി എന്ന റസ്‌റ്റോറന്റും ഷാപ്പും അടച്ചിടാൻ ഏറെക്കുറെ തീരുമാനിച്ചു. നിയമത്തിന്റെ സംരക്ഷണമില്ല. പോലീസാകട്ടെ, പ്രതികാര നടപടിയിലും. ഇനി മറ്റു വഴികളില്ല þ-ജോർജ് വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
അതിരമ്പുഴയിലെ കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട മാഫിയയുടെ ആക്രമണവും ഭീഷണിയും മൂലം ഗതികെട്ട ജോർജിനെ കുറിച്ച് മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതോടെയാണ് പോലീസിനു വിരോധമായത്. അതിരമ്പുഴയിൽ പോലീസ് തേച്ചുമാച്ചുകളഞ്ഞ ഒരു കേസ് വീണ്ടും അന്വേഷണമായി. ഇതോടെ നേരത്തെ അന്വേഷിച്ച് സ്വാധീനത്താൽ കേസില്ലാതാക്കിയ പോലീസിന് പണിയായി. ഇതാണ് ജോർജ് വർഗീസിനെ പോലീസ് നോട്ടപ്പുള്ളിയാക്കിയത്.
പോലീസ് നേരിട്ട് മുന്നിൽ വരാതെ എക്‌സൈസ് വഴിയാണ് ജോർജിനെ കുരുക്കുന്നത്. ജോർജിന്റെ സംരംഭത്തിനോട് ചേർന്നുളള കുടക്കീഴിലുളള ടേബിളുകളിൽ ഭക്ഷണവും മറ്റും വിളമ്പുന്നുണ്ടെന്നും അതിന് അംഗീകാരമില്ലെന്നുമാണ് എക്‌സൈസ് അയച്ച നോട്ടീസിൽ പറയുന്നത്. അടുക്കള സ്ഥിതി ചെയ്യുന്ന ഭാഗത്തു മാത്രമായി പ്രവർത്തനം ഒതുക്കണമെന്ന് സാരം. ജോർജിന്റെ സ്ഥാപനം എങ്ങനെയും അടപ്പിക്കണമെന്ന വാശിയിലാണ് പോലീസും എക്‌സൈസും എന്ന് ആരോപിക്കുന്നു. സി.പി.എം നേതാവും മന്ത്രിയുമായ വി.എൻ വാസവന്റെ മണ്ഡലത്തിലാണ് സംഭവം. പക്ഷേ ഇനിയും രാഷ്ട്രീയ തലത്തിലുളള ഇടപെടൽ ഉണ്ടായിട്ടില്ല.
ഏറ്റുമാനൂർ-നീണ്ടൂർ റോഡിലാണ് കിഴക്കേച്ചിറ കള്ളുഷാപ്പ്, ഈ ഷാപ്പ് കേരളത്തിലെ ഏറ്റവും വലുതും ഏറ്റവും വൃത്തിയും ഭംഗിയുമുള്ള കള്ളുഷാപ്പാണെന്ന് ജോർജ് അവകാശപ്പെട്ടു. അയർലന്റിൽ കുക്കറി കോഴ്‌സ് പഠിച്ച് അവിടെ തന്നെ ഒരു സ്ഥാപനം തുടങ്ങിയ ജോർജ് 2021 ൽ നാട്ടിൽ തിരിച്ചെത്തി. കോവിഡ് കാലത്തായിരുന്നു തിരിച്ചുവന്നത്. തുടർന്നാണ് നാട്ടിൽ ഒരു സ്ഥാപനം എന്ന ആശയം ഉദിച്ചത്.
നേരത്തേ സാധാരണ കള്ളുഷാപ്പായിരുന്നു. 35 ലക്ഷം രൂപയോളം ചെലവഴിച്ചറ അത്യാധുനിക സംവിധാനമൊരുക്കിയാണ് ആരംഭിച്ചത്. തുടക്കം മുതൽ യാതൊരു കൂസലുമില്ലാതെ കഞ്ചാവിനടിമകളായ സംഘം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. ഉപഭോക്താക്കളെ മർദിക്കുകയും ആഹാരം വാങ്ങാൻ വരുന്നവരുടെ വാഹനങ്ങൾ ആക്രമിക്കുകയും ചെയ്യും. പോലീസിൽ പരാതിപ്പെട്ടാൽ അനങ്ങില്ല.
ലഹരിമാഫിയയുടെ കേന്ദ്രങ്ങളിൽ പാടശേഖരങ്ങളിൽ പ്രവാസി കൂട്ടായ്മയിലൂടെ കൃഷിയറിക്കാൻ ശ്രമിച്ചത്് മാഫിയയെ പ്രകോപിപ്പിച്ചു. ജോർജിനെതിരെ തുടരെ തുടരെ ആക്രമണം നടത്താൻ ഇതും കാരണമായി. അഴിഞ്ഞാടുന്ന ലഹരിക്കൂട്ടങ്ങൾ ഓരോ പ്രദേശത്തും തേർവാഴ്ച നടത്തുമ്പോൾ നിയമ സംവിധാനം നിശ്ചലാവസ്ഥയിലാണ്. എക്‌സൈസ് കൂടി നോട്ടീസ് നൽകിയതോടെ സംഘടിത ആക്രമണത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് ജോർജ് പറയുന്നത്. അതിനാൽ നാടുവിടാനുളള പരിപാടിയിലാണ്. ഇവരോട് പ്രതികരിച്ചാൽ കേസിൽ പ്രതിയാവും. ജയിലിൽ എത്തുമ്പോൾ ഇതേ മാഫിയയുടെ ആൾക്കാർ കൈകാര്യം ചെയ്യും. അതിലും ഭേദം മിണ്ടാതെ നാടുവിടുകയാണ്.