Sorry, you need to enable JavaScript to visit this website.

ജോ ബൈഡന്റെ സ്വകാര്യ വസതിയില്‍ സന്ദര്‍ശക രേഖകള്‍ ലഭ്യമല്ലെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍- യു. എസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്വകാര്യ വസതിയില്‍ സന്ദര്‍ശക രേഖകളൊന്നും ലഭ്യമല്ലെന്ന് വൈറ്റ് ഹൗസ്. രഹസ്യ ഫയലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഡെലവെയറിലെ വീട്ടിലെ സന്ദര്‍ശകരുടെ രേഖകള്‍ കാണണമെന്ന് റിപ്പബ്ലിക്കന്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റുമാരുടെ സ്വകാര്യ വസതികള്‍ സന്ദര്‍ശിക്കുന്നവരുടെ ബുക്ക് സൂക്ഷിക്കുന്നത് സാധാരണ രീതിയല്ലെന്ന് വൈറ്റ് ഹൗസ് കൗണ്‍സിലിന്റെ ഓഫീസ് പറഞ്ഞു.

ബൈഡന്റെ വീട്ടിലും അദ്ദേഹം വാഷിംഗ്ടണില്‍ ഉപയോഗിച്ചിരുന്ന ഒരു ഓഫീസിലും നിന്ന് 20ഓളം സര്‍ക്കാര്‍ രേഖകളെങ്കിലും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവാദം. ഒബാമ ഭരണത്തില്‍ അദ്ദേഹം വൈസ് പ്രസിഡന്റായിരുന്ന കാലം മുതലുള്ളതാണ് രേഖകള്‍. അവയില്‍ ചിലത് വര്‍ഗ്ഗീകരണത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമായ 'ടോപ്പ് സീക്രട്ട്' എന്ന് അടയാളപ്പെടുത്തിയിട്ടുള്ളതാണെന്ന് സി. ബി. എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാഷിംഗ്ടണിലെ തിങ്ക് ടാങ്കായ പെന്‍ ബൈഡന്‍ സെന്ററിലെ ഒരു സ്വകാര്യ ഓഫീസില്‍ നിന്ന് തന്ത്രപ്രധാനമായ രേഖകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈ മാസത്തിന്റെ തുടക്കത്തിലാണ് പുറത്തുവന്നത്. ഡെലവെയറിലെ ബൈഡന്റെ വില്‍മിംഗ്ടണില്‍ രണ്ടാമത്തെ സെറ്റ് രേഖകള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി. എല്ലാ വൈറ്റ് ഹൗസ് ഫയലുകളും ഒരു പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുമ്പോള്‍ നാഷണല്‍ ആര്‍ക്കൈവ്സിന് കൈമാറണം എന്നതാണ് നിയമം.

Latest News