Sorry, you need to enable JavaScript to visit this website.

വിമാനം ആകാശത്ത്‌നിന്ന് കാഷ്ഠിക്കില്ലെന്ന് സിവിൽ ഏവിയേഷൻ

ന്യൂദൽഹി- പറക്കലിനിടെ വിമാനങ്ങൾക്കു ആകാശത്ത് നിന്നു കാഷ്ഠിക്കാനാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിൽ. പറക്കലിനിടെ വിമാനത്തിന്റെ ടോയ്‌ലറ്റ് തുറന്നുവിട്ടതിനാൽ തന്റെ ഫഌറ്റിനു മുകളിൽ മാലിന്യം വീണെന്ന് ചൂണ്ടിക്കാട്ടി ദൽഹി സ്വദേശി റിട്ട. ലെഫ്. ജനറൽ സത്വന്ത് സിംഗ് ദാഹിയ ദേശീയ ഹരിത ട്രൈബ്യൂണലിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇത് വല്ല പക്ഷികളും കാഷ്ഠിച്ചതാകാം എന്നാണ് ഡി.ജി.സി.എ പറയുന്നത്. പരാതിയെ തുടർന്ന് ആകാശത്ത്‌നിന്ന് മാലിന്യം തുറന്നു വിട്ടാൽ വിമാനക്കമ്പനികൾ 50,000 രൂപ നൽകണമെന്നു ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യൂണൽ ഡി.ജി.സി.എക്ക് നോട്ടീസ് നൽകിയിരുന്നു. പറക്കലിനിടെ ടോയ്‌ലറ്റ് മാലിന്യം താഴോട്ട് തള്ളില്ലെന്ന് ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് എല്ലാ വിമാനക്കമ്പനികൾക്കും സർക്കുലർ അയക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. 
എന്നാൽ, ഈ ഉത്തരവ് സ്്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.സി.എ ഇപ്പോൾ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. പറക്കുന്നതിനിടെ വിമാനങ്ങളുടെ ടോയ്‌ലറ്റിൽ നിന്നു മാലിന്യം പുറന്തള്ളാനാകില്ലെന്ന് ഡി.ജി.സി.എ ഉറപ്പിച്ചു പറയുന്നു. ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങളിൽ ടോയ്‌ലറ്റ് മാലിന്യം ലാൻഡ് ചെയ്തതിന് ശേഷം മാത്രം നീക്കം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണുള്ളത്. അതിനാൽ തന്നെ പരാതിയിൽ കഴമ്പില്ലെന്നാണ് ഡി.ജി.സി.എയുടെ വാദം. സത്വന്ത് സിംഗിന്റെ വീടിനു മുകളിൽ വല്ല പക്ഷിയും കാഷ്ഠിച്ചതാകാം എന്നാണ് ഡി.ജി.സി.എ പറയുന്നത്. 
സത്വന്ത് സിംഗിന്റെ പരാതിയിൽ കഴമ്പുണ്ടോ എന്നന്വേഷിക്കാനും തെളിവ് ശേഖരിക്കാനും ഹരിത ട്രൈബ്യൂണൽ ഡി.ജി.സി.എ, സെൻട്രൽ ഏവിയേഷൻ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട്, സിപിബിസി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നു. സത്വന്ത് സിംഗിന്റെ വീടിനു മുകളിൽ വീണ മാലിന്യത്തിൽ മനുഷ്യ വിസർജ്യത്തിന്റെ സാന്നിധ്യം ഉണ്ടോ അതോ പക്ഷികളുടെ കാഷ്ഠമാണോ എന്നു പരിശോധനക്കയച്ചു കണ്ടെത്താനും നിർദേശിച്ചിരുന്നു. എന്നാൽ, സിപിബിസി പറയുന്നത് പരാതിക്കാരന്റെ വീടിനു മുകളിൽനിന്നു ശേഖരിച്ച മാലിന്യത്തിൽ മനുഷ്യ വിസർജ്യത്തിന്റെ സാന്നിധ്യം തെളിയിക്കുന്നവിധം കോളിഫോം ബാക്ടീരിയകളെ കണ്ടെത്തിയെന്നാണ്. തുടർന്നാണ് ഏതെങ്കിലും വിമാനം യാത്രക്കിടെ ആകാശത്ത് വെച്ച് ടോയ്‌ലറ്റ് ടാങ്ക് കാലിയാക്കിയതായി കണ്ടെത്തിയാൽ പാരിസ്ഥിതിക നഷ്ടപരിഹാരമായി 50,000 പിഴയിടണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചത്. വിമാനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ ഇങ്ങനെ ടാങ്ക് കാലിയാക്കിയിട്ടുണ്ടോ എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശിച്ചിരുന്നു.
 

Latest News