Sorry, you need to enable JavaScript to visit this website.

റൊണാള്‍ഡോയുടെ ടീമിന്റെ ആദ്യ കളി അരങ്ങേറിയില്ല

റിയാദ് - ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ടീമിലെത്തിയ ശേഷമുള്ള അന്നസര്‍ ക്ലബ്ബിന്റെ ആദ്യ മത്സരം റദ്ദാക്കി. സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളിലെ അല്‍താഇയുമായുള്ള മത്സരം കനത്ത മഴമൂലം മാറ്റിവെക്കുകയായിരുന്നു. മത്സരം വെള്ളിയാഴ്ച നടത്താമെന്നാണ് കരുതുന്നത്. കനത്ത മഴ കാരണം സ്‌റ്റേഡിയത്തിലെ വൈദ്യുതിബന്ധം തകരാറിലായി. റൊണാള്‍ഡൊ ഇറങ്ങുമെന്ന് കരുതി ഇരുപത്തയ്യായിരത്തോളം പേര്‍ മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. 
അതിനിടെ, അന്നസര്‍ ജഴ്‌സിയണിഞ്ഞ് സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാന്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് കാത്തിരിക്കേണ്ടി വരും. പ്രധാനമായും രണ്ട് കടമ്പകളാണ് ഉള്ളത്. ഒന്നാമതായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കളിക്കവെ ലഭിച്ച രണ്ടു മത്സരത്തിലെ വിലക്ക് സൗദിയില്‍ ക്രിസ്റ്റിയാനൊ പൂര്‍ത്തിയാക്കേണ്ടി വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് വ്യക്തതയില്ല. സൗദി ഫുട്‌ബോള്‍ ഫെഡറേഷനോട് ചോദിച്ചപ്പോള്‍ അന്നസ്‌റിനോട് ചോദിക്കാനാണ് നിര്‍ദേശം ലഭിച്ചത്. രണ്ടാമതായി, റൊണാള്‍ഡോയെ ഇതുവരെ രജിസ്റ്റര്‍ ചെയ്യാന്‍ ക്ലബ്ബിന് സാധിച്ചിട്ടില്ല. ഒരു ക്ലബ്ബില്‍ പരമാവധി എട്ട് വിദേശ കളിക്കാരേ പറ്റൂ എന്നാണ് സൗദി ഫെഡറേഷന്റെ നിബന്ധന. റൊണാള്‍ഡോയെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരാളെ ഒഴിവാക്കണം. റൊണാള്‍ഡോയെ പോലെ ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കുന്ന ഉസ്‌ബെക്കിസ്ഥാന്റെ മിഡ്ഫീല്‍ഡര്‍ ജലാലുദ്ദീന്‍ മഷാരിപോവിനെ വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ ധാരണയായില്ല. 
അല്‍താഇക്കെതിരെ ഹോം മത്സരത്തിനു ശേഷം റിയാദ് ഡാര്‍ബിയില്‍ അല്‍ശബാബിനെ അവര്‍ നേരിടും. രണ്ടിലും റൊണാള്‍ഡോയെ ടീമിലുള്‍പെടുത്താന്‍ പറ്റില്ല. അല്‍താഈക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് മുപ്പതിനായിരത്തോളം പേര്‍ സ്വന്തമാക്കിയിരുന്നു. റൊണാള്‍ഡൊ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. 21 ന് അല്‍ഇത്തിഫാഖിനെയാണ് തുടര്‍ന്ന് അന്നസ്‌റിന് നേരിടേണ്ടത്. മര്‍സൂല്‍ പാര്‍ക്കിലെ ഹോം മത്സരമാണ് അത്. ആ കളിയില്‍ റൊണാള്‍ഡൊ ഇറങ്ങിയേക്കും. 

Latest News