ന്യൂദല്‍ഹി - ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഏഷ്യന്‍ ഫുട്‌ബോളിന്റെ ഭാഗമായതോടെ സൂപ്പര്‍താരത്തിനെതിരെ കളിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ക്ലബ്ബുകളും. ഐ.എസ്.എല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാം. സൗദി പ്രൊഫഷനല്‍ ലീഗില്‍ മുന്‍നിരക്കാരായ അന്നസ്‌റിന് സ്വാഭാവികമായും ഏഷ്യന്‍ ലീഗില്‍ സ്ഥാനം ലഭിക്കും. അതിനാല്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ ടീമുകള്‍ക്ക് ക്രിസ്റ്റ്യാനോയെ നേരിടുന്നത് സ്വപ്‌നം കാണാം.
റൊണാള്‍ഡോയുടെ വരവോടെ സൗദി ലീഗ് മാത്രമല്ല, ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോലുള്ള ടൂര്‍ണമെന്റുകളും താരപ്രഭ നേടും. സൗദിയിലും ഏഷ്യയിലും കിരീടം നേടുകയായിരിക്കും റൊണാള്‍ഡോയുടെ സ്വപ്നം. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, രണ്ട് സ്പാനിഷ് ലീഗ് കിരീടങ്ങള്‍, രണ്ട് സ്പാനിഷ് കപ്പ്, നാല് ക്ലബ്ബ് ലോകകപ്പ്, രണ്ട് ഇറ്റാലിയന്‍ ലീഗ് കിരീടങ്ങള്‍, ഇറ്റാലിയന്‍ കപ്പ്, മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, എഫ്.എ കപ്പ്, രണ്ട് ഇംഗ്ലിഷ് ലീഗ് കപ്പ് തുടങ്ങി എണ്ണമറ്റ ട്രോഫികളുമായാണ് റൊണാള്‍ഡൊ വരുന്നത്.