Sorry, you need to enable JavaScript to visit this website.

കേരളത്തിന് നന്ദി അറിയിച്ച അർജന്റീന ട്വീറ്റ് രസിച്ചില്ല; തിരുത്തണമെന്ന് യു.പിയിലെ വനിതാ പോലീസ് ഓഫീസർ

ലക്‌നൗ - കേരള ജനതയുടെ കട്ട ഫുട്‌ബോൾ പിന്തുണയ്ക്ക്‌ നന്ദി അറിയിച്ചുള്ള അർജന്റീന ട്വീറ്റിനെതിരെ ഉത്തർ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥ. കേരള ജനതയെ പേരെടുത്ത് അഭിനന്ദിച്ച അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്നാണ് വിമർശം.
 കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയെ അർജന്റീനയുടെ ട്വീറ്റ് വായിക്കാനാകൂവെന്നും അതിനാൽ തിരുത്തണമെന്നുമാണ് ഉത്തർപ്രദേശ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കടാരിയയുടെ ആവശ്യം. 
'അർജന്റീനയുടെ ഭാഗത്ത് നിന്നും വന്ന ട്വീറ്റ് അശ്രദ്ധമാണ്. രക്തരൂക്ഷിതമായ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് രൂപം കൊണ്ട മൂന്ന് രാജ്യങ്ങൾക്കൊപ്പം കേരളത്തിന് ഒരു പ്രത്യേക അസ്തിത്വം നൽകിയിരിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും നീരസത്തോടെ മാത്രമേ ഇത് വായിക്കാനാകൂ'. എന്നാണ് അവർ ട്വിറ്റർ ഹാൻഡിലിലൂടെ വ്യക്തമാക്കിയത്.
 'നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി' എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീറ്റ്. ഈ ട്വീറ്റിൽ കേരളം എന്ന് പ്രത്യേകം നൽകിയിരിക്കുന്നത് മാറ്റണമെന്നാണ് ഡി.എസ്.പി ആവശ്യപ്പെടുന്നത്.
 പോലീസ് ഉദ്യോഗസ്ഥയുടെ ട്വീറ്റിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കൊപ്പം കേരളത്തെയും പ്രത്യേകം പരാമശിച്ച് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ നന്ദി അറിയിച്ചത്. ഇത്തവണ ലോകകപ്പിൽ അർജന്റീനയെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്നുൾപ്പെടെ ഒട്ടേറെ കാണികളാണ് ഖത്തറിൽ എത്തിയത്. മെസിക്കും അർജന്റീനക്കുമായി കേരളത്തിൽ വലിയ തോതിൽ ആരാധകരുള്ളത് ലോകമാധ്യമങ്ങളിലും ചർച്ചയായിരുന്നു.

Latest News