Sorry, you need to enable JavaScript to visit this website.

കൂടത്തായി റോയ് വധക്കേസ്; മുഖ്യപ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി

കോഴിക്കോട് - കൂടത്തായി റോയ് വധക്കേസിൽ മുഖ്യ പ്രതി ജോളി തോമസിന്റെ വിടുതൽ ഹർജി കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി തള്ളി. കേസിൽ ഈ മാസം 24ന് വിചാരണ നടപടികൾ തുടങ്ങും.
 കൂടത്തായി കൊലപാതകപരമ്പരയിൽ ജോളി അറസ്റ്റിലായിട്ട് മൂന്നു വർഷത്തിലേറെയായി. കൂടത്തായി പൊന്നാമറ്റും കുടുംബത്തിലേക്ക് മരുമകളായെത്തിയ ജോളി സ്വത്ത് തട്ടിയെടുക്കാനായി കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
 ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 
 17 വർഷങ്ങൾക്കിടെ സാധാ മരണങ്ങളായി എഴുതിത്തള്ളിയ കൂടത്തായിയിലെ ഞെട്ടിക്കുന്ന ആറു കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് ജോളിയുടെ അമ്മായി അന്നമ്മയാണ്. 2002 ആഗസ്ത് 22നായിരുന്നു ഇത്. ആട്ടിൻ സൂപ്പിൽ നായയെ കൊല്ലാനുള്ള വിഷം കലർത്തി നൽകിയായിരുന്നു കൊല. തടർന്ന് അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
 ആറു വർഷത്തിന് ശേഷം അന്നമയുടെ ഭർത്താവ് ടോ തോമസിന്റേതായിരുന്നു രണ്ടാമത്തെ കൊലപാതകം. സയനൈഡ് നൽകിയായിരുന്നു ഇത്. 2011 സെപ്റ്റംബറിലാണ് ജോളി ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു ഇത്. 2014 ഫെബ്രുവരിയിൽ മാത്യു മഞ്ചാടിയെയും ഭക്ഷണത്തിൽ സയനൈഡ് കലർത്തി  കൊലപ്പെടുത്തി. 
പിന്നീട് ജോളിയുടെ രണ്ടാം ഭർത്താവിലെ ആദ്യ ഭാര്യയിലുണ്ടായ മകൾ ഒന്നര വയസുകാരി ആൽഫൈനായിരുന്നു ക്രൂരതയുടെ അഞ്ചാമത്തെ ഇര. ബ്രെഡിൽ സയനൈഡ് കലർത്തിയായിരുന്നു ഇത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയായിരുന്നു അവസാനത്തെ ഇര. 
  ഇതിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ, ആത്മഹത്യയാണെന്നായിരുന്നു നിഗമനം. അത് അങ്ങനെയാക്കാൻ ജോളി ശ്രമിക്കുകയുമുണ്ടായി. സംശയം തോന്നിയ റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്.പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് നൽകിയ പരാതിയോടെ കാര്യങ്ങൾ ഓരോന്നായി പുറത്തുവരികയായിരുന്നു. അന്നത്തെ റൂറൽ എസ്.പി കെ..ജി സൈമണിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണത്തിനൊടുവിൽ കല്ലറകൾ തുറന്നു മൃതദേഹങ്ങൾ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയുടെ അറസ്റ്റ്. ജോളിക്കായി സയനൈഡ് ശേഖരിച്ച സൃഹൃത്ത് എം.എസ് മാത്യു. സയനൈഡ് നല്കിയ സ്വർണ്ണപ്പണിക്കാരൻ പ്രിജുകുമാർ എന്നിവരും അറസ്റ്റിലായി. പ്രീഡിഗ്രി പോലും പാസാകാതെ എൻ.ഐ.ടിയിലെ പ്രൊഫസറാണെന്നക്കം പറഞ്ഞ് വർഷങ്ങളോളം വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കാനും പ്രതിക്കു സാധിച്ചിരുന്നു.
 റോയ് കൊലപാതകക്കേസിൽ എണ്ണായിരം പേജുള്ള കുറ്റപത്രത്തിൽ 246 സാക്ഷികളാണുള്ളത്. കടലക്കറിയിലും വെള്ളത്തിലും സോഡിയം സയനൈഡ് കലർത്തിയാണ് ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ, വിഷം കൈവശം സൂക്ഷിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോളി ചെയ്തതായി കുറ്റപത്രത്തിലുള്ളത്. 322 ഡോക്യുമെൻറ്‌സും 22 മെറ്റീരിയൽ ഒബ്‌ജെക്ട്‌സും കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ചിട്ടുണ്ട്.

Latest News