രാജകുടുംബത്തിലെ പുതിയ മരുമകളായി എത്തുന്ന മേഗന്‍ മാര്‍ക്കിളിനും ഹാരിയ്ക്കുമായി പുതിയ താമസസ്ഥലം തയാറാവുന്നു. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ 21 മുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് ആണ് നവദമ്പതികള്‍ക്കായി ഒരുങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ തന്നെ അപ്പാര്‍ട്ട്‌മെന്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ഹാരി മേഗന്‍ എന്‍ഗേജ്‌മെന്റ് വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടത്തിലും ഇവിടെ പണി നടക്കുന്നുണ്ടായിരുന്നു. അപ്പാര്‍ട്ട്‌മെന്റ് 1ന്റെ മേല്‍ക്കൂരയിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. കെട്ടിടത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ കാണാതിരിക്കാന്‍ വെള്ള ടാര്‍പോളിനുകളില്‍ പൊതിഞ്ഞ് നിര്‍ത്തിയിരിക്കുകയാണ് ജോലിക്കാര്‍. വിവാഹത്തിന് ശേഷം രണ്ട് ബെഡ്‌റൂം കോട്ടേജ് പോരാതെ വരുന്നതിനാലാണ് 21 മുറികളുള്ള അപ്പാര്‍ട്ട്‌മെന്റ് ഒരുക്കുന്നത്. വിവാഹത്തിന് മുന്നോടിയായി ഹാരിയുടെ നോട്ടിംഗ്ഹാം കോട്ടേജിലാണ് ഇരുവരും താമസിച്ചത്. ഗ്ലോസ്റ്റര്‍ ഡ്യൂക്കും രാജ്ഞിയുടെ ബന്ധുവുമായ റിച്ചാര്‍ഡാണ് ഇവിടെ താമസിച്ചിരുന്നത്. ഹാരിയ്ക്കും മെഗാനുമായി കൊട്ടാരത്തിലെ അപ്പാര്‍ട്ട്‌മെന്റ് 1 ഉപേക്ഷിക്കാന്‍ റിച്ചാര്‍ഡ് തയ്യാറായി. ഹാരിയുടെയും മേഗന്റെയും അയല്‍ക്കാര്‍ വില്യമും കെയ്റ്റും മക്കളും ആണ്. ഈ മാസം 19 ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വിവാഹചടങ്ങു തുടങ്ങുക . 12 മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് 1 മണിക്ക് അവസാനിക്കുമെന്ന് കെന്‍സിംഗ്ടണ്‍ കൊട്ടാരം വ്യക്തമാക്കി.