Sorry, you need to enable JavaScript to visit this website.

വഴിമുട്ടിയ മാതാപിതാക്കൾ പെൺകുട്ടിയെ പണം നൽകാനുള്ളയാൾക്ക് വിവാഹം ചെയ്തു കൊടുത്തു

ഹൈദരാബാദ് - കടം വിട്ടാൻ ഒരു വഴിയും ഇല്ലാതെ കുടുങ്ങിയ മാതാപിതാക്കൾ പ്രായപുർത്തിയാകാത്ത സ്വന്തം മകളെ പണം നൽകാനുള്ള ഭിന്നശേഷിക്കാരനായ ആൾക്ക് വിവാഹം ചെയ്തു നൽകി. പത്താം ക്ലാസിൽ മികച്ച മാർക്കോടെ ജയിച്ച പെൺകുട്ടിയെ നിർബന്ധിച്ചാണ് മാതാപിതാക്കൾ 38കാരന് വിവാഹം ചെയ്തു നൽകാൻ ശ്രമിച്ചത്. വിവാഹം നടക്കുന്നതിനിടെ വിവരമറിഞ്ഞെത്തിയ പോലീസും ശിശു ക്ഷേമ വകുപ്പ് അധികൃതരും പെൺകുട്ടിയെ ക്ഷേത്രത്തിൽ നിന്നും രക്ഷപ്പെടുത്തി അഭയകേന്ദ്രത്തിലേക്കു മാറ്റി. ഒഡീഷയിലെ ബലസോറിൽ നിന്നും നാലു വർഷം മുമ്പ് ഹൈദരാബാദിലെത്തിയതാണ് പെൺകുട്ടിയുടെ കുടുംബം.

മാസങ്ങളോളം വീട്ടുവാടക നൽകാൻ കഴിയാതെ വന്നതോടെ പണത്തിനു പകരം തന്റെ മകളെ കെട്ടിട ഉടമയുടെ ഭിന്നശേഷിക്കാരനായ മകന് വിവാഹം ചെയ്തു തരാമെന്ന് പെൺകുട്ടിയുടെ അച്ഛൻ വാഗ്ദാനം നൽകിയിരുന്നതായും പറയപ്പെടുന്നു. വീട്ടുടമയായ ചെന്നയ്യ ഗുപ്തയുടെ മകൻ രമേഷ് ഗുപ്തയുമായാണ് പെൺകുട്ടിയുടെ വിവാഹം നടത്താനിരുന്നത്. ചെന്നയ്യ ഒരുക്കിക്കൊടുത്ത മെക്കാനിക്ക് ഷോപ്പ് നോക്കി നടത്തുകയാണ് എഴുന്നേറ്റു നിൽക്കാനും നടക്കാനും ശേഷിയില്ലാത്ത രമേഷ് ഗുപ്തയുടെ ജോലി. എന്നാൽ പെൺകുട്ടിയുടെ അച്ഛന് ഇവർക്ക് എത്ര രൂപയാണ് നൽകാനുള്ളതെന്ന് വ്യക്തമല്ല. 

തങ്ങളുടെ ശാരീരിക വൈകല്യമുള്ള മകനെ നോക്കാൻ ഒരാളെ വേണ്ടി വന്നതിനാലാണ് കെട്ടിട ഉടമ പണത്തിനു പകരം പെൺകുട്ടിയെ മകനു വേണ്ടി ചോദിച്ചതെന്ന് പോലീസ് പറഞ്ഞു.  തങ്ങൾക്ക് എല്ലാ സഹായവും രമേഷിന്റെ കുടുംബം ചെയതു തന്നിട്ടുണ്ടെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഒരു വർഷം മുമ്പ് തന്നെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും പെൺകുട്ടിക്ക് സമ്മതമായിരുന്നെന്നും അവർ പറയുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ സ്ഥലം വിട്ടിരിക്കുകയാണ്. രമേഷിനു മാതാപിതാക്കൾക്കുമെതിരെ ബാലവിവാഹം തടയൽ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
 

Latest News