ചരിത്രപുരുഷനായ കുഞ്ഞാലി മരയ്ക്കാറെക്കുറിച്ചുള്ള ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ അണിയറ വർത്തമാനം മലയാള സിനിമയിൽ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോൾ അതൊരു സൂപ്പർ താരയുദ്ധമായി മാറിയിരിക്കുകയാണ്. മമ്മൂട്ടി നായകനാവുന്ന കുഞ്ഞാലി മരയ്ക്കാറെക്കുറിച്ചാണ് ഏറെ കാലം മുമ്പു മുതൽ തന്നെ കേട്ടിരുന്നത്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ ചിത്രം സംവിധാനം ചെയ്യുമെന്നും വാർത്തവന്നു. എന്നാൽ അതിനുശേഷം കാര്യങ്ങൾ ഒരിഞ്ചും മുന്നോട്ടുനീങ്ങിയില്ല. ചിത്രം ഉപേക്ഷിച്ചപോലെയായി.
ഇതിനിടെയാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ കുഞ്ഞാലി മരയ്ക്കാർ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത ഈയിടെ പുറത്തുവന്നത്. ഗായകൻ എം.ജി. ശ്രീകുമാറാണ് കഴിഞ്ഞയാഴ്ച ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുന്നത്. അതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറെ കുറിച്ചുള്ള ചർച്ചകളും സജീവമായി. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സന്തോഷ് ശിവനോടും മമ്മൂട്ടിയോടും അടുപ്പമുള്ളവർ പറയുകയും ചെയ്തു. ഇതോടെ ആരുടെ കുഞ്ഞാലി മരയ്ക്കാറാവും ആദ്യം പുറത്തുവരികയെന്ന ആശയക്കുഴപ്പത്തിലാണ് സിനിമാ പ്രേമികൾ.
എട്ട് മാസം കൂടി കാക്കുമെന്നും അതിനകം മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ലെങ്കിൽ താൻ തന്റെ പ്രൊജക്ടുമായി മുന്നോട്ടുപോകുമെന്നാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്രെ. ഇനിയിപ്പോൾ പ്രേക്ഷകർക്ക് രണ്ട് കുഞ്ഞാലി മരയ്ക്കാർമാരെ കാണേണ്ടിവരുമോ. സാരമില്ല, ചരിത്രത്തിൽ നാല് കുഞ്ഞാലി മരയ്ക്കാർമാർ ഉണ്ടായിരുന്നുവെന്നാണല്ലോ പറയുന്നത്. വേണമെങ്കിൽ സുരേഷ് ഗോപിയുടെയും, പൃഥ്വിരാജിന്റെയും വേറെ രണ്ട് കുഞ്ഞാലി മരയ്ക്കാർമാർക്കുകൂടി സ്‌കോപ്പുണ്ട്.