കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ കാണികൾക്ക് വിനോദവും വിജ്ഞാനവും പകർന്നുനൽകി ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുനരാരംഭിച്ചു. കണ്ണൂർ കോട്ടയുടെ അഞ്ഞൂറ് വർഷത്തെ ചരിത്രം പുനരാവിഷ്കരിക്കന്ന രീതിയിലാണ് ഷോ സംവിധാനിച്ചിരിക്കുന്നത്. വിനോദ സഞ്ചാര വകുപ്പ് ഡിടിപിസി വഴി നടപ്പിലാക്കുന്ന ഷോ സംസ്ഥാനത്ത് കണ്ണൂരിൽ മാത്രമേയുള്ളൂ എന്ന സവിശേഷതയുമുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന രീതിയിലാണ് ദക്ഷിണേന്ത്യയിൽ തന്നെ അപൂർവമായ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആവിഷ്കരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 7 മണിക്കാണ് ഷോ ആരംഭിക്കുക. 150 പേർക്ക് ഒരേ സമയം ഇരുന്ന് കാണാവുന്ന രീതിയിൽ ഓപൺ ഗാലറിയിലാണ് ഷോ നടക്കുക. അതിനാൽ മഴയുള്ള ദിവസങ്ങളിൽ ഷോ ഉണ്ടായിരിക്കില്ല.
കോട്ടയിലേക്ക് സാധാരണ ഗതിയിലുളള പ്രവേശനം വൈകിട്ട് 6 മണിക്ക് അവസാനിക്കും. കോട്ടയിലെ സന്ദർശന സമയം കഴിഞ്ഞ ശേഷം ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്കായി 7 മണിക്ക് ആളുകളെ വീണ്ടും പ്രവേശിപ്പിക്കുകയാണ് ചെയ്യുക. ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലേക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഗാലറിയിലേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. കോട്ടയുടെ മറ്റ് ഭാഗങ്ങളിലേക്ക് ഈ സമയത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.