ന്യൂദല്‍ഹി- ഇന്ത്യ ചൈന ഉഭയകക്ഷി ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കെ, അതിനിടയിലേക്ക് ഗൗതം അദാനി കടന്നുവരുന്നു. തകര്‍ന്ന് തരിപ്പണമായ ശ്രീലങ്കയില്‍ വന്‍ നിക്ഷേപത്തിന് കോപ്പുകൂട്ടുകയാണ് അദാനി. ഇതാകട്ടെ, ശ്രീലങ്കയിലിരുന്നുകൊണ്ട് ചൈനയെ നിരീക്ഷിക്കാനുള്ള പ്രധാനമന്ത്രി മോഡിയുടെ പദ്ധതിയുടെ ഭാഗമാണെന്നാണ് ഉപശാല സംസാരം.
സമുദ്രതലത്തില് ഇന്ത്യയെ വളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചൈനയുടെ നേര്‍ക്ക് പുതിയൊരു ആയുധം തയാറാക്കുകയാണത്രെ മോഡി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'ഇന്ധന സ്രോതസ്സ്' എന്നാണ് പണ്ടേ അദാനി അറിയപ്പെടുന്നത്. അതിനുള്ള പ്രത്യുപകാരങ്ങള്‍ പലഘട്ടത്തില്‍ വിവിധ രൂപങ്ങളില്‍ അദാനിക്ക് ലഭിച്ചിട്ടുണ്ട് എന്നത് മറ്റൊരു വശം.
ചൈന്ക്കെതിരെ അദാനിയെ എങ്ങനെയാണ് മോഡി രൂപപ്പെടുത്തുന്നത് എന്ന് ചോദിച്ചാല്‍, വികസനത്തിലൂടെ എന്നാണ് മറുപടി. ശ്രീലങ്കയില്‍ വന്‍ നിക്ഷേപത്തിനുള്ള പദ്ധതികള്‍ അദാനി ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങളുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാന്‍ ഉതകുന്ന ആരെയും ഇരുകൈയും നീട്ടി സിംഹളന്മാര് സ്വീകരിക്കുമെന്ന് അദാനിക്ക് നന്നായിട്ടറിയാം. പ്രത്യേകിച്ചും നയതന്ത്ര തലത്തില്‍ വിശ്വസ്തരായ ഇന്ത്യയില്നിന്നാകുമ്പോള് ലങ്കയ്ക്ക് അത് ഇരട്ടി സന്തോഷമാണ് നല്‍കുക.
വടക്കന്‍ ശ്രീലങ്കയിലെ പൂനെറിയനില് പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് അദാനിയുടെ നീക്കം. 137 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അദാനിയുടെ നിക്ഷേപങ്ങളില്‍ ഏറിയ പങ്കും ഇന്ത്യയിലാണ്. എന്നാല്‍ ശ്രീലങ്കയടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങളിലേക്ക് കൂടി ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. തുറമുഖം, കല്‍ക്കരി ഖനികള്‍, ഊര്‍ജോത്പാദനം, വിതരണം എന്നീ മേഖലകളില്‍ അധീശത്വമുള്ള അദാനിയുടെ സ്വാധീനം ഉപയോഗിച്ച് ലങ്കയെ ചൈനക്കെതിരായ ചട്ടുകമാക്കുക എന്നതാണ് മോഡിയും ലക്ഷ്യമിടുന്നത്. കൊളംബോ തുറമുഖത്തില്‍ കാലുറപ്പിക്കുന്നതോടെ ഇത് സാധ്യമാകുമെന്നാണ് മോഡിയുടെ പ്രതീക്ഷ.