Sorry, you need to enable JavaScript to visit this website.

സ്വര്‍ണക്കടത്തിന് പുതിയ രീതി, വായക്കുള്ളില്‍ ഒളിപ്പിച്ച 12 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മലപ്പുറം- മലദ്വാരത്തില്‍ ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണം എക്‌സ്‌റേ പരിശോധനയിലൂടെ കണ്ടു പിടിക്കാന്‍ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം പുതിയ രീതി പരീക്ഷിക്കുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച പോലീസ് സ്വര്‍ണം കണ്ടെടുത്തത് വായയ്ക്കുള്ളില്‍ നിന്നാണ്.
കാസര്‍കോട് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്‌സല്‍ (24) ആണ് വായ്ക്കകത്ത് സ്വര്‍ണ ബിസ്‌കറ്റ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു പിടിയിലായത്. 233 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ നാല് വീതം കഷ്ണങ്ങളാക്കി വായ്ക്കകത്താക്കി   ഒളിപ്പിച്ച് കടത്താനാണ് അബ്ദുല്‍ അഫ്‌സല്‍ ശ്രമിച്ചത്. നാവിനു അടിയില്‍ ആയി ആണ് ഇയാള്‍ ചോക്കലേറ്റ് കഷ്ണങ്ങളുടെ വലിപ്പത്തില്‍ ഉള്ള സ്വര്‍ണ ബിസ്‌കറ്റ് ഒളിപ്പിച്ചത്. മുഖത്ത് മാസ്‌കും ധരിച്ചിരുന്നു. ഒറ്റനോട്ടത്തിലും ശരീരത്തില്‍ നടത്തുന്ന എക്‌സറേ പരിശോധനയിലും ഇത് കണ്ടെത്താന്‍ കഴിയില്ല എന്ന കണക്ക് കൂട്ടലിലാണ് അഫ്‌സല്‍ സ്വര്‍ണം വായ്ക്കുള്ളില്‍ ഒളിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക്  ഷാര്‍ജയില്‍നിന്നെത്തിയ എയര്‍ ഇന്ത്യ  വിമാനത്തിലാണ്  അബ്ദുല്‍ അഫ്‌സല്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം  6 മണിയോടെ വിമാനത്താവളത്തിന്  പുറത്തിറങ്ങിയ അഫ്‌സലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 12 ലക്ഷം രൂപ വില വരും.

 

Latest News